സ്വയ രക്ഷയ്ക്ക് സ്ത്രീകളെയും കുട്ടികളെയും സജ്ജരാക്കാന്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമങ്ങളെ പ്രതിരോധിക്കാന്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും പഠിപ്പിക്കുകയാണ് കേരള പൊലീസിലെ ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥര്‍.

തങ്ങള്‍ അക്രമിക്കപ്പെടാന്‍ പോകുന്നു എന്നു തോനുന്ന ഘട്ടത്തില്‍ സ്ത്രീയാണ് കുട്ടിയാണ് എന്ന് കരുതി അക്രമികളെ സഹിക്കാന്‍ നില്‍ക്കാതെ, സ്വയ രക്ഷയ്ക്ക് അക്രമിയെ തിരിച്ചാക്രമിക്കാനുള്ള തന്ത്രങ്ങള്‍ ആണ് പോലീസ് പഠിപ്പിച്ചു നല്‍കുന്നത്. കഴിയാവുന്ന അത്രയും ശക്തിയില്‍ അക്രമിയുടെ മര്‍മ്മം നോക്കി തിരികെ അക്രമിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും, സ്ത്രീകള്‍ കായികമായി പുരുഷന്മാരേക്കാള്‍ ദുര്‍ബലരാണെന്ന പൊതു ബോധം സമൂഹത്തിനുണ്ട് എന്നും, അത് തെറ്റാണെന്നും, സ്ത്രീകള്‍ ആയത് കൊണ്ട് മാത്രം നമ്മള്‍ നമുക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സഹിക്കേണ്ടതില്ല എന്നും വനിതാ ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്വയ രക്ഷയ്ക്ക് മാത്രമാണ് നമ്മള്‍ ഒരാളെ ആക്രമിക്കാന്‍ പഠിപ്പിക്കുന്നത്. ജീവന് ഭീഷണിയാകും എന്നുള്ളപ്പോള്‍ ഒരാളെ തിരിച്ചാക്രമിക്കുന്നത് കുറ്റമല്ല എന്നിരിക്കെ, പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മവിശ്വാസം കൈവിടാതെ സ്ത്രീകളുടെ തന്നെ ശരീരത്തിലെ കട്ടിയുള്ള ഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ തിരിച്ചാക്രമിക്കാന്‍ സ്ത്രീകളേയും കുട്ടികളേയും പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുത്തു തുടര്‍പഠനത്തിന് സഹായിക്കുന്ന ഹോപ്പ് പദ്ധതി, മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍ക്കുന്ന ചിരി, സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‌സിലിംഗ് നല്‍കുന്ന അപരാജിത പദ്ധതി, സൈബര്‍ കേസ്, പോക്‌സോ ആക്റ്റ് എന്നിവയെ കുറിച്ചും ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു നല്‍കന്നത് വേറിട്ടൊരു അനുഭവമാണെന്നാണ് കാണികളുടെ അഭിപ്രായം. എന്റെ കേരളം പ്രദര്‍ശന വിപണനമേള 27 ആം തീയതി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *