മലപ്പുറത്തിന്റെയും കൊല്ലത്തെയും പാലക്കാടിന്റെയും രുചി വൈവിദ്യങ്ങള്‍ തേടി ഇനി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശനം വിപണന മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന കഫെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഈ രുചി വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. പച്ചയില മസാലകളും അട്ടപ്പാടിയില്‍ മാത്രം കണ്ടുവരുന്ന കോഴി ജീരകവും അരച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന ഹെര്‍ബല്‍ ചിക്കന്‍ വിഭാഗത്തില്‍ പെടുന്ന അട്ടപ്പാടിയിലെ വനസുന്ദരി മുതല്‍ കാസര്‍ഗോഡിന്റെ തനത് വിഭവമായ നെയ്പത്തിരിയും ചിക്കന്‍ സൂക്കയും വരെ നീളുന്ന വായില്‍ കപ്പലോടുന്ന വിഭവങ്ങള്‍ ഒരുവശത്ത്.
കനത്ത ചൂടിനെ പ്രതിരോധിച്ച് മനസ്സിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന ശീതള പാനീയങ്ങള്‍ മറുവശത്ത്.. ഇങ്ങനെ പോകുന്നു കുടുംബ ശ്രീ ഫുഡ് കോര്‍ട്ടിലെ ഭക്ഷണ പെരുമ.
ഇതിനെല്ലാം പുറമേ മലബാറിലെ വിവിധങ്ങളായ പലഹാരങ്ങളും ലഭ്യമാണ്. ഇനി സമുദ്ര വിഭവങ്ങളോടാണ് താല്പര്യമെങ്കില്‍ അതിന് വേണ്ട പ്രത്യേക വിഭാഗവും ഫിഷറീസ് വകുപ്പിന് കീഴിലുള്ള വനിതാ സംരംഭമായ സാഫ് ഫുഡ് കോര്‍ട്ട് ഒരുക്കിയിട്ടുണ്ട്. വിവിധതരം ഫിഷ് ബിരിയാണി,കിഴി ബിരിയാണി, മീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ,ചെമ്മീന്‍ ഫ്രൈ, ഏലംബക്ക ഫ്രൈ,ചെമ്മീന്‍ റോസ്റ്റ്,ഞണ്ട് റോസ്റ്റ്, കപ്പ മീന്‍കറി, എന്നിവ ഈ സ്റ്റാളില്‍ നിന്നും ലഭിക്കും. ഭക്ഷണത്തിന്റെ രുചിക്കൂട്ടുകള്‍ക്ക് ഇതിനോടകം കൂടുതല്‍ ആരാധകര്‍ എത്തുന്നുണ്ട്.
മലപ്പുറത്തിന്റെ കരിഞ്ചീരകം കോഴിയും, ബീഫ് അലങ്കുല യും,ദം ബിരിയാണിയും കൊല്ലം ജില്ലയിലെ മുതൂമുത്തശി ടീമിന്റെ മുളയരി, അടപ്രഥമന്‍, ഇളനീര്‍ തുടങ്ങി വിവിധങ്ങളായ പായസങ്ങളും ഇവിടെ ലഭ്യമാണ്.
ശീതളപാനീയങ്ങള്‍ തയ്യാറാക്കാന്‍ അഞ്ച് വര്‍ഷത്തെ ഫുഡ്‌കോര്‍ട് പാരമ്പര്യവുമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയായ ലക്ഷ്യയിലെ പ്രവര്‍ത്തകരാണ് കാലിക്കടവ് എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും കെമിക്കല്‍ ഫ്രീയായ നാച്ചുറല്‍ ഫ്‌ലേവറുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ശീതളപാനിയങ്ങളാണ് ഇവിടെ വില്‍പ്പന നടത്തുന്നത് എന്നതാണ് പ്രത്യേകത. പച്ചമാങ്ങ ജ്യൂസ്, പച്ചമാങ്ങ സോഡാ, കുടിക്കുന്നതിനോടൊപ്പം പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യാന്‍ പറ്റുന്ന ഫ്രൂട്ട് സര്‍ബത്ത് എന്നിവയാണ് ഇവരുടെ പ്രത്യേകത.
ഇതിനു പുറമേ വിവിധ ഫ്രഷ് ജ്യൂസുകള്‍, ലെസി, ലൈന്‍ എന്നിവയും ലക്ഷ്യ പ്രവര്‍ത്തകര്‍ വില്പന നടത്തുന്നുണ്ട്. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലയില്‍ നടത്തിയ കല്ലുമ്മക്കായ ഫെസ്റ്റിലെ മികവാണ് ഇവരെ ഫുഡ് കോര്‍ട്ടില്‍ എത്തിച്ചത്. ഐ ഫ്രം എന്ന ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ടീം ആണ് ഇവര്‍ക്കുള്ള പരിശീലനം ലഭ്യമാക്കുന്നത്.