കോടിയേരി ബാലകൃഷ്ണന്‍ ടി 20 ടൂര്‍ണമെന്റില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ഫൈനലില്‍

തലശ്ശേരി : ട്രിവാന്‍ഡ്രം റോയല്‍സ് കോടിയേരി ബാലകൃഷ്ണന്‍ വനിതാ കെ സി എ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ക്ലൗഡ് ബെറി തലശേരി ടൗണ്‍ സിസിയെ ആറ് വിക്കറ്റിനാണ് റോയല്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ് ബെറി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയല്‍സ് അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍ അക്ഷയയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ക്ലൗഡ് ബെറിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 51 പന്തുകളില്‍ മൂന്ന് ഫോറും ഏഴ് സിക്‌സുമടക്കം 80 റണ്‍സുമായി അക്ഷയ പുറത്താകാതെ നിന്നു. ശ്രുതി എസ് 20 റണ്‍സ് നേടി. റോയല്‍സിന് വേണ്ടി മാളവിക സാബു രണ്ടും നിയതി മഹേഷ്, ഇഷ ഫൈസല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയല്‍സിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റെയ്‌ന റോസും നജ്‌ല സിഎംസിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കളി റോയല്‍സിന്റെ വരുതിയിലാകിയത്. റെയ്ന 27 റണ്‍സെടുത്തു. റെയ്‌നയ്ക്ക് ശേഷം എത്തിയ ക്യാപ്റ്റന്‍ സജ്‌ന സജീവനും നജ്‌ലയും ചേര്‍ന്ന് റോയല്‍സിനെ അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു. നജ്‌ല 37 പന്തുകളില്‍ നിന്ന് 50 റണ്‍സും സജ്‌ന 13 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു നജ്‌ലയുടെ ഇന്നിംഗ്‌സ്. റോയല്‍സിന് വേണ്ടി മാളവിക സാബു പതിമൂന്നും അഭിന മാര്‍ട്ടിന്‍ പതിനഞ്ചും റണ്‍സെടുത്തു.നജ്‌ല സിഎംസിയാണ് പ്ലയര്‍ ഓഫ് ദി മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *