പാലക്കുന്ന് : വേനല്‍ മഴയോടൊപ്പം കാറ്റടിച്ചാല്‍ ഉടനെ വൈദ്യുതി അണഞ്ഞു പോകുന്നതാണ് ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളില്‍ മൂന്ന് ദിവസമായുള്ള അവസ്ഥ. വൈദ്യുതിയുടെ ഒളിച്ചുകളിയില്‍ വിഷു
വിപണി നിര്‍ജ്ജീവമായ അങ്കലാപ്പിലാണ് കച്ചവടക്കാര്‍. വിഷു പോലുള്ള ആഘോഷ നാളുകളില്‍ ഏറെ തിരക്കനുഭവപ്പെടുന്ന തുണിക്കട, ചെരിപ്പ് കടകളില്‍ ആളെത്തുന്നില്ല. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അടക്കം വിവിധ ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും വൈദ്യുതി മുടക്കം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ശീതീകരണം ആവശ്യമുള്ള സാധനങ്ങള്‍ കേടായതു മൂലം സൂപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി കടകളിലും വലിയ തോതില്‍ നഷ്ടങ്ങള്‍ ഉണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു.
മാര്‍ക്കറ്റില്‍ പൊതുവെ അനുഭവപ്പെടുന്ന മാന്ദ്യത്തില്‍ നിന്ന് തെല്ലൊരു ആശ്വാസമേകുന്ന കച്ചവടമാണ് ഉദുമ കെ എസ് ഇ ബി യുടെ കീഴിലുള്ള വൈദ്യുതി തടസ്സം മൂലം ഇല്ലാതായതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ്ഭാരവാഹികള്‍ പറയുന്നു. പ്രസിഡന്റ് എം. എസ്. ജംഷീദ്, മറ്റു ഭാരവാഹികളായ ചന്ദ്രന്‍ കരിപ്പോടി, മുരളി പള്ളം, മോഹന്‍ കേവീസ്, വിജയ രാഘവന്‍, മുഹമ്മദ് നൂറാസ് എന്നിവര്‍ ഉദുമ കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുല്‍ കാദറിനെ നേരിട്ട്
കണ്ടു പരാതി നല്‍കി. മുന്‍കൂട്ടി
നിശ്ചയിച്ച അറ്റകുറ്റ പണികള്‍ വിഷു കഴിയും വരെ നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കാറ്റും മഴയും മൂലം ഉണ്ടാകുന്ന
വൈദ്യുതി വിതരണ തടസം ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു.
വിഷു കച്ചവടം ലക്ഷ്യമിട്ട് സംഭരിച്ച വ്യാപാര ചരക്കുകള്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. മെഴുകുതിരി വെട്ടം കൊണ്ടും ഫലമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. വെളിച്ചമില്ലാത്ത ടൗണില്‍ ആളുകള്‍ കുറയുന്നത് മൂലം കടകള്‍ നേരത്തേ അടച്ചു പൂട്ടുകയാണ് വ്യാപാരികള്‍.