നമ്മുടെ കാസര്‍കോട്, ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ഭാമായി ജില്ലയിലെ കളിമണ്‍ പാത്ര മേഖലയിലെ സംഘടന പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളിമണ്‍പാത്ര നിര്‍മ്മാണം ഒരു പരമ്പരാഗത മേഖലയെന്നതിലുപരി ഒരു കുലത്തൊഴിലാണെന്നുംനിരവധി കുടുംബങ്ങള്‍ ഈ മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതായും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ.കെ.വി ശ്രീലത അറിയിച്ചു.അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ നിര്‍മ്മാണ-വിതരണ പ്രക്രിയ വരെ കളിമണ്‍പാത്ര തൊഴിലാളികള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും ചൂളയില്‍ നിന്നും കേടുപാടുകള്‍ സംഭവിക്കാതെ ലഭിക്കുന്ന പാത്രങ്ങളുടെ എണ്ണം വളരെ കുറവാണെന്നും ഇത് മൂലം തൊഴിലാളികള്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നതായും .കെ.വി ശ്രീലത. അറിയിച്ചു. വര്‍ഷാവര്‍ഷം ചൂളപ്പുരയുടെ മേല്‍ക്കൂര മാറ്റുന്നതിനായി തൊഴിലാളികള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന കളിമണ്‍പാത്രങ്ങള്‍ക്കായി ഒരു കേന്ദ്രീകൃത വില്‍പ്പന കേന്ദ്രമില്ലാത്തതും പൊതുവെ വിലകുറഞ്ഞതും ഗുണമേന്മ കുറഞ്ഞതുമായ കന്യാകുമാരി പത്രങ്ങളെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നതും മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എരിക്കുളം കളിമണ്‍ പത്രങ്ങള്‍ക്ക് ഭൗമ സൂചികാ പദവി ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത് ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയും ജില്ലാ പഞ്ചായത്തിന്റേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തിയും കളിമണ്‍പാത്ര തൊഴിലാളികളുടെ ഉന്നമനത്തിനായി പദ്ധതികള്‍ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കളിമണ്‍പാത്ര തൊഴിലാളികളുടെ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക് ഷെഡ് നിര്‍മ്മാണത്തില്‍ പഞ്ചായത്ത് തല നടപടിക്രമങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുമായി കൂടിയാലോചന നടത്തും. ചൂള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കുവാന്‍ തദ്ദേശ സ്വയംഭരണ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ്. ജില്ലയിലെ കളിമണ്‍പാത്ര നിര്‍മ്മാണ മേഖലയുടെ സമഗ്ര പുരോഗതിക്കായി മേഖലയെ ജില്ലയിലെ ടൂറിസം സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കളിമണ്‍പാത്ര നിര്‍മ്മാണ പ്രദര്‍ശനത്തിന് അവസരം ഒരുക്കേണ്ടതുണ്ടെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും തൊഴിലാളികള്‍ വൈദഗ്ദ്ധ്യം നേടിയെടുക്കേണ്ടതുണ്ടെന്നും പി.എം വിശ്വകര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി തൊഴിലാളികള്‍ക് നൈപുണ്യ പരിശീലനം നല്‍കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പെരിയയിലെ അമ്പതിലേറെ യുവ ജനങ്ങള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് തൊഴിലിലേര്‍പ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അത് പരിഹരിക്കുവാനായി വര്‍ക്ക് ഷെഡുകള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കണമെന്നും പെരിയ പോട്ടറി അസോസിയേഷന്‍ ഭാരവാഹിയായ ടി.വി കമലാക്ഷന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കളിമണ്‍പാത്ര തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാരിന്റെ ആശ പദ്ധതി വഴി ധനസഹായം ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.