പ്രഥമ സാന്‍ജോസ് തീര്‍ത്ഥാടനം നാളെ

കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ ഏക തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് അഭിവന്ദ്യ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ അതിരൂപത വികാരി ജനറല്‍മാര്‍ ഉള്‍പ്പെടെ 100ല്‍ പരം വൈദികരുടെ ആത്മീയ നേതൃത്വത്തില്‍ പടിമരുത്, മാലോം, പടുപ്പ്, പാണത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും കാല്‍നടയായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ 19 ന് പുലര്‍ച്ചെ നാലിന് പനത്തടിയില്‍ എത്തിച്ചേരും.

വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 18ന് വൈകിട്ട് ഏഴിന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ എത്തിച്ചേരുന്നു. വൈകിട്ട് 7 ന് ജപമാലയെ തുടര്‍ന്ന് തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ വചന സന്ദേശം നല്‍കും. 8.30ന് ആരാധന , രാത്രി 10 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തലശ്ശേരി അതിരൂപത വികാരി ജനറാള്‍ (പ്രോട്ടോ സിഞ്ചെല്ലൂസ് )മോണ്‍. ആന്റണി മുതുകുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് രാത്രി 12 മണിക്ക് പനത്തടിയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം.മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ 18ന് വൈകിട്ട് ഏഴിന് കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു മുക്കുഴി വചനസന്ദേശം നല്‍കും.
രാത്രി 9 ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കാല്‍നടയായി പനത്തടി സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തിലേക്ക് യാത്ര പുറപ്പെടും.പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വൈകിട്ട് 7.30 ന് അമ്പലത്തറ കപ്പൂച്ചിന്‍ ആശ്രമം സുപ്പീരിയര്‍ ഫാ. ലിജോ തടത്തില്‍ വചന സന്ദേശം നല്‍കും. രാത്രി 10 ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് പനത്തടിയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടന യാത്ര ആരംഭിക്കും.
പാണത്തൂര്‍ സെന്റ് മേരിസ് ദേവാലയത്തില്‍ വൈകിട്ട് 7.30 ന് ജപമാല, 8 മണിക്ക് ചെറുപുഷ്പ മിഷന്‍ ലീഗ് തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേപറമ്പില്‍ വചന സന്ദേശം നല്‍കും.
രാത്രി 9ന് വിശുദ്ധ കുര്‍ബാന, തലശ്ശേരി അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോസഫ് കാക്കരമറ്റത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് രാത്രി 12.30ന് പനത്തടിയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടന യാത്ര.
കാല്‍നടയായി തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിശ്വാസികള്‍ക്ക് വേണ്ടി 18 ന് രാത്രി
7.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ ജപമാല, രാത്രി 8 ന് ചട്ടമല പള്ളിവികാരി ഫാ. അഗസ്റ്റിന്‍ ചക്കാംകുന്നേല്‍
വി. യൗസേപ്പ് പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി വചന സന്ദേശം നല്‍കും. രാത്രി 10 .30 ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് 19ന് പുലര്‍ച്ചെ 4 മണി വരെ ദിവ്യകാരുണ്യ ആരാധനയും നടക്കും.
19ന് പുലര്‍ച്ചെ നാലുമണിയോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ എത്തിച്ചേരുന്നു. രാവിലെ 5 ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി.ദിവ്യ ബലിയോടനുബന്ധിച്ച് മലബാറില്‍ ആദ്യമായി വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുശേഷിപ്പ് മാര്‍. ജോസഫ് പാംപ്ലാനി പനത്തടി തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശ്വാസികളുടെ പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കും.നേര്‍ച്ച കാഴ്ചസമര്‍പ്പണത്തിനുശേഷം പാച്ചോര്‍ നേര്‍ച്ച വിതരണത്തോടെ പ്രഥമ സാന്‍ജോസ് തീര്‍ത്ഥാടനത്തിന് സമാപനം കുറിക്കുമെന്ന് പനത്തടി ഫൊറോന വികാരി റവ.ഡോ.ജോസഫ് വാരണത്ത്, അസി.വികാരി ഫാ. അഗസ്റ്റിന്‍ അറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *