ഉദുമ : കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ഭക്ഷണമൊരുക്കാന്‍ വിഷരഹിത പച്ചക്കറിക്കായി വിത്തിടല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉത്സവ സദ്യയൊരുക്കാന്‍ ജൈവ പച്ചക്കറി മാത്രം മതിയെന്നായിരുന്നു ആഘോഷ കമ്മിറ്റിയുടെ തീരുമാനം. ആ ദൗത്യം സ്വയം ഏറ്റെടുക്കാന്‍ മാതൃസമിതി മുന്നിട്ടിറങ്ങി. തറവാടിന് തൊട്ടപ്പുറത്തുള്ള 90 വയസ്സുള്ള ജാനകിയമ്മ ഒരേക്കറില്‍ കൂടുതലുള്ള തന്റെ ഇടം അതിനായി വിട്ടുനല്‍കി. വിത്തിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രായാധിക്യ വിഷമതകള്‍ മാറ്റിവെച്ച് ജാനകിയമ്മ എത്തിയതും കൗതുകമായി.
സ്വന്തം വീട്ടുപറമ്പുകളില്‍ പച്ചക്കറി കൃഷിയുടെ സാധ്യതകളുടെ ഗൗരവം വീട്ടമ്മമാരില്‍ വളര്‍ത്തിയെടുക്കാനുള്ള ലക്ഷ്യവും ഈ കൃഷിയിലൂടെ സാധിക്കട്ടെ എന്നുമായിരുന്നു കമ്മിറ്റിയുടെ ഉദ്ദേശം. കുമ്പളം, മത്തന്‍, വെള്ളരി എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുക. ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ കുഞ്ഞിരാമന്‍, വര്‍ക്കിംഗ് കോര്‍ഡിനേറ്റര്‍ സുധാകരന്‍ പള്ളിക്കര,വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, വി.കെ. അശോകന്‍, നബീസ പാക്യാര, ശകുന്തള ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പശ്രീധരന്‍, മാതൃസമിതി പ്രസിഡന്റ് സുനിത ബാബു, സെക്രട്ടറി അനിത കോട്ടപ്പാറ, ഉദയമംഗലം ക്ഷേത്ര പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉദയമംഗലം, തറവാട് പ്രസിഡന്റ് ദാമോദരന്‍ ബാര, കാരണവര്‍ കുഞ്ഞിരാമന്‍ ബാര, പാലക്കുന്ന് ക്ഷേത്ര ഭാരവാഹികളായ പി.പി. ചന്ദ്രശേഖരന്‍, കൃഷ്ണന്‍ പാത്തിക്കാല്‍, പി.കെ രാജേന്ദ്രനാഥ്, പ്രാദേശിക സമിതി പ്രസിഡന്റ് കെ.വി. രാഘവന്‍, കെ. ഉണ്ണികൃഷ്ണന്‍, കെ.വി. രാജശേഖരന്‍, എന്‍. യശോദ, കെ. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.മാര്‍ച്ച് 28 മുതല്‍ 31 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം നടക്കുക. ഫെബ്രുവരി 21ന് കൂവം അളക്കും.