25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ബുധനാഴിച്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ നേരത്തെ തന്നെ കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.

മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടത്തിനായി മത്സരിക്കും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക. ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനലിന് കളമൊരുങ്ങുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ട്രോഫി കിരീടവും ഏക ചാമ്പ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കിയത്. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കലാശപ്പോരില്‍ മുഖാമുഖമെത്തുന്നത്.

ഈ ടൂര്‍ണമെന്റില്‍ നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഫൈനലില്‍ തങ്ങളെ മറികടക്കുക എളുപ്പമാവില്ലെന്ന സൂചനയാണ് കിവികള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 362 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. രചിന്‍ രവീന്ദ്രയുടെയും (108) കെയ്ന്‍ വില്യംസണിന്റെയും (102) രണ്ട് വെടിക്കെട്ട് സെഞ്ച്വറികള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നു.

Leave a Reply

Your email address will not be published. Required fields are marked *