♦️♦️♦️♦️♦️♦️♦️
മലയാളം ടുഡേ വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക https://chat.whatsapp.com/7pMaeycj1t4HSfhz4KhAwb
♦️♦️♦️♦️♦️♦️♦️
വാർത്തകളും പരസ്യങ്ങളും നൽകാൻ… 👉🏻📱85470 04624
ബഹുജന മാധ്യമങ്ങളില്‍ സിനിമ പോലെ വിപുലമായ ജനസ്വാധീനമുള്ള മാധ്യമമാണ് ടെലിവിഷന്‍ എന്നതുകൊണ്ട് തന്നെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുമായിരിക്കണം ടെലിവിഷന്‍ പരിപാടികള്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 2022, 2023 വര്‍ഷങ്ങളിലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെയും 2022 ലെ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പ്രചോദനമാവുംവിധം അവതരിപ്പിച്ച ആണ്‍പിറന്നോള്‍ എന്ന പരമ്പരയാണ് മികച്ച സീരീയലിനുള്ള അവാര്‍ഡ് നേടിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കാത്ത, വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന സീരിയലുകള്‍ ഉണ്ടാകുന്നുവെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ജൂറി അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിമര്‍ശനങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ ക്രിയാത്മകമായി ഉള്‍ക്കൊണ്ടിരിക്കുന്നെന്നും അതിനനുസരിച്ച് അവര്‍ ചുവടുമാറ്റുന്നു എന്നത് നല്ല സൂചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സീരിയലുകളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ ചാനലുകള്‍ പ്രത്യേക ശ്രദ്ധയും ഉത്തരവാദിത്വ ബോധവും പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങളില്‍ മികച്ച എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ അവാര്‍ഡ് നല്‍കാന്‍ കഴിയുന്നില്ല. അര്‍ഹമായ എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ ഷോര്‍ട്ട്ഫിലിം കാറ്റഗറിയില്‍ 2023 ല്‍ ജൂറി അവാര്‍ഡ് കൊടുത്തിട്ടില്ല. ടെലിവിഷന്‍ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ അയക്കുന്ന കാര്യത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ ഗൗരവമുള്ള സമീപനം സ്വീകരിച്ചുകാണുന്നില്ല എന്ന വിമര്‍ശനം ജൂറി മുന്നോട്ട് വെക്കുന്നുണ്ട്. വിഭാഗം ഏതെന്ന് ശെരിയായി മനസിലാക്കാതെ എന്‍ട്രികള്‍ അയച്ചതായി 2023 ലെ കഥേതര വിഭാഗം ജൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ലെ കഥേതര വിഭാഗം ജൂറിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. പലവിഭാഗങ്ങളില്‍ എന്‍ട്രികള്‍ അയക്കാതിരിക്കുക, അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ പേരുകളുമില്ലാതെ എന്‍ട്രികള്‍ അയക്കുക തുടങ്ങിയ അലസമായ ഒരു സമീപനം എന്‍ട്രികളുടെ കാര്യത്തില്‍ കണ്ടുവരുന്നുണ്ട്.
അര്‍ഹതയുള്ളവര്‍ അംഗീകരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനായി അവാര്‍ഡ് നിയമാവലി അനുശാസിക്കുന്ന കൃത്യതയോടെ എന്‍ട്രികള്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ പരിപാടികള്‍, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന 2023 ലെ കഥേതര വിഭാഗം ജൂറിയുടെ നിര്‍ദ്ദേശം ചാനലുകള്‍ കാര്യമായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
രചനാ വിഭാഗത്തില്‍ പൊതുവേ എന്‍ട്രികള്‍ കുറവാണ് ലഭിക്കുന്നത്. 2023 ലെ അവാര്‍ഡിന്റെ പരിഗണനയ്ക്ക് ഒരു പുസ്തകവും മൂന്ന് ലേഖനങ്ങളും മാത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ എന്‍ട്രികള്‍ ശുഷ്‌കമാകുന്നത് ടെലിവിഷന്‍ പഠനരംഗത്തെ അപര്യാപ്തത വിളിച്ചോതുന്നു.
ടെലിവിഷന്‍ അവാര്‍ഡുകളുടെ നിയമാവലി കാലോചിതമായി പുതുക്കേണ്ടത് അനിവാര്യമാണെന്ന് 2023 ലെ കഥാവിഭാഗം ജൂറി അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൂറിയുടെ അഭിപ്രായം പരിഗണിച്ച് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് നിലവിലെ നിയമാവലി പരിഷ്‌കരിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ടെലിവിഷനില്‍ ലഭ്യമായിക്കഴിഞ്ഞ സാഹചര്യത്തില്‍ വെബ് സീരീസുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിവയെകൂടി അവാര്‍ഡിനായി പരിഗണിക്കണമെന്ന് നിര്‍ദേശം പലമേഖലകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. തീര്‍ച്ചയായും ഈ നിര്‍ദ്ദേശവും അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അവാര്‍ഡുകള്‍ നേടിയ എല്ലാവര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
2022 ലെ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ ഏറ്റുവാങ്ങി.
എ എ റഹീം എം പി, ആന്റണി രാജു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.