ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു; വനിതാകമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് നടത്തി

ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം ഈ അടുത്തകാലത്തായി വര്‍ധിക്കുകയാണ് എന്നും ഒട്ടനവധി കുടുംബങ്ങള്‍ലഹരി ഉപയോഗംമൂലംവലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുഎന്നും സംസ്ഥാന വനിതാ കമ്മീന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍. സ്വത്ത് തര്‍ക്കം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളായിരുന്നു കൂടുതലായി കണ്ടത്. സ്ത്രീകള്‍ നേരിട്ട് ഉള്‍പ്പെടാത്ത വിഷയങ്ങളില്‍ പോലും അവരെ മറയാക്കി കമ്മീഷന് മുന്നില്‍പരാതിയുമായി വരുന്ന പ്രവണതയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

സിറ്റിങ്ങില്‍ ആകെ 24 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ പരിഹരിച്ചു. ഒരു പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. ഒരു പരാതിയില്‍ പോലീസില്‍ നിന്നും ഒരു പരാതിയില്‍ എക്സൈസില്‍ നിന്നും റിപ്പോര്‍ട്ട് തേടി. 18 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ എ.എസ്.ഐ എം. അനിത, അഡ്വ. എം. ഇന്ദിര, ഫാമിലി കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *