പാലക്കുന്നമ്മയ്ക്ക് ജോസ് ആലപ്പാടന്‍ രചിച്ച സ്തുതി ഗീതങ്ങള്‍ സമര്‍പ്പിച്ചു

പാലക്കുന്ന് : ഒട്ടേറെ കവിതകള്‍ എഴുതി പുരസ്‌കാരങ്ങള്‍ നേടിയ കവിയാണ് എ. എല്‍. ജോസ് ആലപ്പാടന്‍ . തൃശ്യൂര്‍ ജില്ലയിലെ തിരൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് പെയിന്റിംഗ് ജോലി തേടി ഇരുപതാമത്തെ വയസ്സില്‍ കാസര്‍കോടെത്തിയ അദ്ദേഹം 1987ല്‍ ക്ളീനിങ്ങ് ലായനികള്‍ ഉണ്ടാക്കുന്ന ആള്‍ടൗസ് കെമിക്കല്‍ ഇന്‍ഡസ്ട്രിസ് എന്ന ചെറുകിട സ്ഥാപനം തുടങ്ങി. മാങ്ങാട് കൂളിക്കുന്നില്‍ ഭാര്യ മാര്‍ഗലിജോസിനോടൊപ്പം 40 വര്‍ഷത്തിലേറെയായി സ്ഥിരതാമസമാണ്. ഏകമകള്‍ ജിസ്മി ഭര്‍ത്താവ് ബിജോയ് തോമസിനോടൊപ്പം കഴിയുന്നു. കവിതയോടാണ് ജോസിന് കമ്പം. ജോസ് ആലപ്പാടന്‍ പലപ്പോഴായി എഴുതിയ 34 കവിതകളുടെ സമാഹാരമായ ‘ചില ചില്ലറ ചിന്തകള്‍’ 39 കവിതകള്‍ ഉള്‍ക്കൊള്ളിച്ച ‘ചിതറിയ ചിന്തേരുകള്‍’ എന്നീ പുസ്തകങ്ങള്‍ ഇതിനകം പ്രസദ്ധീകരിച്ചിട്ടുണ്ട്.
പാലക്കുന്നമ്മയെ കുറിച്ച് എഴുതിയ അഞ്ചു കവിതകള്‍ ഉള്‍ക്കൊള്ളിച്ച ഭക്തി ഗാനങ്ങളാക്കിയ സി ഡി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര
ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റ തിരുമുന്നില്‍ നടന്ന ചടങ്ങില്‍ സുനീഷ് പൂജാരിയ്ക്ക് കൈമാറി. സ്ഥാനികരും പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണനും ഭാരവാഹികളും ഭരണിക്കുഞ്ഞി അമേയയും സംബന്ധിച്ചു. ജോസിന്റെ രചനയ്ക്ക്
ലോഹിതാക്ഷന്‍ മുക്കൂടാണ് സംഗീതം പകര്‍ന്നത്. രതീഷ് കുണ്ടടുക്കം, വിനോദ് ചാമുണ്ഡിക്കുന്ന്, വിഷ്ണുലാല്‍ ആറാട്ടുകടവ്, ഉഷ കാഞ്ഞങ്ങാട് , പാര്‍വതി അയ്യര്‍ , അഞ്ജന നീലേശ്വരം കീര്‍ത്തന നാരായണന്‍ എന്നിവര്‍ ഈണം നല്‍കി. ഇവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡും തൃശൂരിലെ കാര്യാലയം സാഹിത്യവേദിയുടെ വയലാര്‍ രാമവര്‍മ അവാര്‍ഡും നേടിയിട്ടുണ്ട്. പാലക്കുന്ന് കൂട്ടായ്മ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *