എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ഭിന്നശേഷിക്കാരും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെ വിപണിയിലേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഐ-ലീഡ് ഉല്‍പ്പന്ന പ്രദര്‍ശനം വന്‍ വിജയമായി. ഫെബ്രുവരി 22ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രദര്‍ശനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ, എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, എന്‍ഡോസള്‍ഫാന്‍സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പി രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഐ-ലീഡ് (ഇന്റഗ്രേറ്റഡ് ലിവ്ലിഹുഡ് പ്രോഗ്രാം ഫോര്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ആന്‍ഡ് ഡിഫറെന്‍ലി എബില്‍ഡ്) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞു. ആകെ 50,000 രൂപ വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റുപോയതോടെ, വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രദര്‍ശനത്തിന് ലഭിച്ചതെന്ന് സംഘാടകര്‍ വിലയിരുത്തി.
കാറഡുക്ക, മുളിയാര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കള്ളാര്‍, ബദിയടുക്ക എം.സി.ആര്‍.സി.കളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളായിരുന്നു പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. കൈത്തറി ഫ്ലോര്‍ പായകള്‍, വിദ്യാര്‍ത്ഥികള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും പ്രയോജനപ്രദമായ നോട്ട്ബുക്കുകള്‍, ത്രീ ഫോള്‍ഡ് കുടകള്‍, പരിസ്ഥിതി സൗഹൃദ ഫിനോള്‍ തുടങ്ങിയവ ഉപഭോക്താക്കളുടെ വലിയ സ്വീകാര്യത നേടുകയും വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും സ്വന്തമായി വരുമാനം ഉണ്ടാക്കി സ്വയംപര്യാപ്തത നേടിയെടുക്കുന്ന ഒരു മാതൃകയാക്കുകയാണ് ഈ സംരംഭം. ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ സ്ഥിരമായ ഇടം ലഭിക്കാന്‍ ഈ പ്രദര്‍ശനം നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലായിലാണെന്നും മികച്ച പ്രതികരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഗുണഭോക്താക്കള്‍ പറഞ്ഞു.