ഗുവാഹത്തി: ഗുവാഹത്തിയില്‍ അരുംകൊല നടത്തിയതിന് പിന്നാലെ ജീവനൊടുക്കി മധ്യവയസ്‌കന്‍. ഭാര്യയേയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയുമാണ് 47 കാരന്‍ കൊലപ്പെടുത്തിയത്. ലോഹിത് തകുരിയ എന്നയാളാണ് ഭാര്യ ജൂലി ദേകയേയും അവരുടെ പതിനഞ്ചുകാരിയായ മകളേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ കൊല നടത്തിയത്.
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ഡീസല്‍ എഞ്ചിന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ജൂലി. ഭര്‍ത്താവിന്റെ മരണശേഷം ദേകയ്ക്ക് കാരുണ്യ അടിസ്ഥാനത്തിലാണ് റെയില്‍വേയില്‍ ജോലി ലഭിച്ചത്. പിന്നീട് തകുരിയയെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തകുരിയ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി ജൂലി പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ പോക്സോ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുക്കുകയും തകുരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് വീട്ടില്‍ എത്തിയ ഇയാള്‍ ചൊവ്വാഴ്ച രാത്രി ഭാര്യയേയും മകളേയും കൊലപ്പെടുത്തുതയായിരുന്നു
വീട്ടില്‍ നിന്ന് ബഹളം കേട്ടെങ്കിലും അയല്‍വാസികള്‍ ഇത് കാര്യമാക്കിയിരുന്നില്ല. പിറ്റേദിവസം ഉച്ചയായിട്ടും കുടുംബത്തെ പുറത്തുകാണാതായതോടെ അയല്‍വാസികള്‍ക്ക് സംശയമായി. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. ജൂലിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും മകളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്. തകുരിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.