ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികളില്‍ നിന്ന് ഒഴിവാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിര്‍വഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വിവരാവകാശ പ്രവര്‍ത്തകനായ എ. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യാനുസരണം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിതുര പഞ്ചായത്തിലെ കല്ലന്‍ കുടി, തച്ചൊരു കാല, കൊടിയ കാല, മാങ്കല, ചെറുമണലി, ബോണക്കാട് മുതലായ ആദിവാസി ഊരുകളില്‍ പനി പടര്‍ന്നു പിടിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് ജില്ലാ കളക്ടറോട് നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *