ഇന്ന് രാവിലെ കലശാട്ടിനു ശേഷം
കലങ്ങള്‍ തിരിച്ചു നല്‍കും
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് ഇന്നലെ സമര്‍പ്പിച്ചത് പതിനായിരത്തില്‍ പരം കലങ്ങള്‍. രാവിലെ പത്തു മണിയോടെ ഭണ്ഡാരവീട്ടില്‍ നിന്നുള്ള പണ്ടാരക്കലമാണ് ആദ്യം സമര്‍പ്പണം നടത്തിയത്. തുടര്‍ന്ന് വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ വാദ്യമേള ഘോഷങ്ങളോടെ ഒന്നിന് പിറകെ മറ്റൊന്നായി നിവേദ്യമൊരുക്കാനുള്ള കോപ്പുകള്‍ നിറച്ച പുത്തന്‍ മണ്‍കലങ്ങളും കുരുത്തോലയുമായി സ്ത്രീകള്‍ നഗ്‌നപാദരായി ദേവി സന്നിധിയില്‍ എത്തി. ക്ഷേത്ര പ്രദക്ഷിണം ചെയ്ത് കലങ്ങള്‍ സമര്‍പ്പിച്ച ശേഷം കാണിപ്പണം നല്‍കി മഞ്ഞള്‍ പ്രസാദം സ്വീകരിച്ച് ഉണക്കലരി കഞ്ഞിയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്. സമീപ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി ഭക്തര്‍ ഈ അപൂര്‍വ നിവേദ്യ സമര്‍പ്പണ ചടങ്ങ് കാണാനെത്തി.
കലത്തിലെ വിഭവങ്ങള്‍ വേര്‍തിരിക്കുന്നതാണ് ക്ഷേത്ര തിരുമുറ്റത്ത് ആദ്യം ചെയ്തത്. സേവനനിരതരായ വാല്യക്കാരുരുടെ സഹകരണത്തോടെ സ്ഥാനികരുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ ചോറും ദണ്ഡന്‍ അടയും ഉണ്ടാക്കുന്ന ജോലി രാത്രി ഏറെ വൈകും വരെ തുടര്‍ന്നു. ദണ്ഡനട ഉണ്ടാക്കാനുള്ള മാവ് കുഴച്ചെടുത്തത് പൂര്‍ണമായും സ്ഥാനികരുടെ നേതൃത്വത്തിലായിരുന്നു.
കലംകനിപ്പ് സമര്‍പ്പിച്ചാല്‍ ആരോഗ്യപൂര്‍ണമായ മനസ്സും ശരീരവും സിദ്ധിക്കുമെന്നാണ് വിശ്വാസം.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയതെന്നും, എല്ലാവര്‍ക്കും മങ്ങണത്തില്‍ മാങ്ങാ അച്ചാര്‍ ചേര്‍ത്ത കഞ്ഞി വിളമ്പിയെന്നും ക്ഷേത്ര പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ന് രാവിലെ ഏഴു മണിയോടെ കലശാട്ടിന് ശേഷം ദേവിക്ക് നിവേദിച്ച ചോറും ചുട്ടെടുത്ത ദണ്ഡനടയുമായി മണ്‍കലങ്ങള്‍ തിരിച്ചു നല്‍കുന്നതോടെ കലംകനിപ്പ് മഹാനിവേദ്യത്തിന് സമാപനമാകും.