സ്വയം സംരക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ബാലപാഠങ്ങള്‍ ബോധവത്ക്കരണങ്ങളിലൂടെ നല്‍കുന്നു
മാറിയ കാലത്തെ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനായി വനിതാ ശിശു വികസനവകുപ്പ് വിവിധങ്ങളായ പരിപാടികളാണ് നടത്തി വരുന്നത്. കൗമാരം എന്നത് കുട്ടികളുടെ ജീവിതത്തിലെ ഒരു പ്രാധാനപ്പെട്ട ഘട്ടമാണ്. പ്രത്യേകിച്ച് പെണ്‍ കുട്ടികള്‍ക്ക് . ശാരീരികമായും മാനസീകമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണിത്. തെറ്റായ പ്രചരണങ്ങളും സാമൂഹിക ഇടപെടലുകളും കുഴപ്പത്തിലാക്കുന്ന കുട്ടികളുടെ മാനസീകാവസ്ഥ പഠിച്ച് അവര്‍ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് വനിതാ ശിശു വികസന വകുപ്പ് . സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. വകുപ്പ് നടത്തുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കും ബോധവത്ക്കരണം നല്‍കുന്നു.
151 വിദ്യാര്‍ത്ഥിനികള്‍ക്കായി ആര്‍ത്തവ ശുചിത്വം, ലൈഫ് സ്‌കില്‍ ട്രെയിനിംഗ് എന്ന വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കി. ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ക്ലാസുകളില്‍, കുട്ടികള്‍ക്ക് ശാരീരിക ആരോഗ്യത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായ ബോധവത്കരണവും കുട്ടികള്‍ക്ക് ആര്‍ത്തവ സമയത്ത് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളായ അനീമിയ, മറ്റുശാരീരിക പീഡനങ്ങള്‍ എന്നിവയെ എങ്ങനെ നേരിടാമെന്ന അറിവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിവരുന്നു.
ലൈഫ് സ്‌കില്‍ ട്രെയിനിംഗ് ക്ലാസ്സില്‍ ‘സ്വയം സംരക്ഷണം’ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തിക, സാമൂഹിക, മാനസിക, ശാരീരിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്കുള്ള ബോധവത്കരണവും നല്‍കി വരുന്നു. കുട്ടികകളെ അവരുടെ വ്യക്തി സുരക്ഷ, സാമൂഹിക പങ്കാളിത്തം, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍, തുടങ്ങിയ കാര്യങ്ങളില്‍ സജ്ജരാക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.
”പെണ്‍കുട്ടികളുടെ ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസുകളും, അനീമിയ ചെക്ക്അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചപ്പോള്‍ ജില്ലയിലെ 364 വിദ്യാര്‍ത്ഥിനികള്‍ പരിപാടിയുടെ ഭാഗമായി. ശൈശവ വിവാഹ നിരോധനം, പുതിയകാലത്തെ കൗമാരക്കാരുടെ പ്രശ്നങ്ങള്‍, കൗമാരപ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍, സൈബര്‍ മോഷണം, മാനസിക സമ്മര്‍ദ്ദം, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, ലിംഗ അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും നടത്തി വരികയാണ്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജാഥയില്‍ തെറുവുനാടകം, നൃത്തശില്‍പം ഫ്ളാഷ് മോബ് തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കി. ടാലന്റ് ഹണ്ടിന്റെ ഭാഗമായി 110 കുട്ടികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. പോക്‌സോ ആക്ട് ബോധവത്കരണത്തിനായി അധ്യാപകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കി പുറമെ, ഗ്രാമീണ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി സിനിമ പെണ്‍കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള ബോധവത്കരണം നല്‍കി ”ചൂട്ട്”എന്ന തെരുവുനാടകം ലിംഗസമത്വത്തിന്റെ പ്രാധാന്യം വരച്ചു കാണിച്ചു. ജില്ലാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഇത്തരം പദ്ധതികള്‍ പെണ്‍കുട്ടികളുടെ സംരക്ഷണവും സാമൂഹിക പ്രതികരണവും ശക്തിപ്പെടുതുന്നതിന് വഴിയൊരുക്കുകയും ഇവ പെണ്‍കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹിക ബോധവും വര്‍ദ്ധിപ്പിച്ച്, സമത്വപരമായ സമൂഹത്തിന്റെ രൂപീകരണത്തിന് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്യും.