കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കെ ജി എം ഒ എ പുതിയ ജില്ലാ ഭാരവാഹികള്‍ സ്ഥാനമേറ്റു.സംസ്ഥാന മാനേജിംഗ് എഡിറ്റര്‍ ബിജോയ് സി പി, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.രാജേഷ് ഒ ടി, ജോയ്ന്റ സെക്രട്ടറി ഡോ. രമേഷ് ഡി ജി,എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പ്രസിഡണ്ടായി ഡോ.മനോജ് എ ടിയും സെക്രട്ടറിയായി ഡോ. ഷിന്‍സി വി കെയും, ട്രഷറര്‍ ആയി ഡോ. ജോണ്‍ ജോണ്‍ കെ യും കാഞ്ഞങ്ങാട് കെ ജി എം ഒ എ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. മാനേജിങ് എഡിറ്റര്‍ ഡോ. ബിജോയ് സി പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മാനവവിഭവശേഷിക്കുറവ് പരിഹരിക്കുന്നതിന് ഒഴിവുകള്‍ എല്ലാം നികത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനറല്‍ ആശുപത്രിയുടെ പേര് മാറ്റിയതുകൊണ്ട് സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ നിന്ന് നിലവില്‍ നല്‍കുന്ന സേവനമല്ലാതെ മെഡിക്കല്‍ കോളേജില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു സൗകര്യവും പൊതുജനങ്ങള്‍ക്ക് കിട്ടില്ല.അതുകൊണ്ട് ജനറല്‍ ആശുപത്രി നിലനിര്‍ത്തി കൊണ്ട് എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് മെച്ചമായചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് അനിവാര്യമാണെന്നിരിക്കെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രി നിലനിര്‍ത്തികൊണ്ട് വേണം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാകേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ മുന്‍ സംസ്ഥാന ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ ജമാല്‍ അഹമ്മദ്, സംസ്ഥാന വിമന്‍സ് വിംഗ് കണ്‍വീനര്‍ ഡോ.അമൃതകല, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ രാജേഷ് ഒ ടി,നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. ഡി ജി രമേശ് എന്നിവര്‍ സംസാരിച്ചു.