പാലക്കുന്ന് : പാലക്കുന്നിലെ റെയില്‍വേ ഗേറ്റിലെ പടിഞ്ഞാര്‍ ഭാഗത്തുള്ള ഗേറ്റ് മുഴുവനായും പൊങ്ങുന്നില്ലെന്ന് വാഹനയാത്രക്കാരുടെ പരാതി പതിവാണ്. ചരക്കുമായി വരുന്ന വലിയ വാഹനങ്ങള്‍ റെയില്‍പാളം കടന്ന് റോഡില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുകയാണിവിടെ. പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗേറ്റ് ഉയരുന്നതനുസരിച്ച് മറ്റേ ഭാഗത്തെ ഗേറ്റ് ഉയരുന്നില്ല എന്നതാണ് കാരണം. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ലിഫ്റ്റിംഗ് ബാരിയാര്‍ ടൈപ്പ് ഗേറ്റാണിത്. സാങ്കേതിക കാരണങ്ങളാണ് പടിഞ്ഞാര്‍ ഭാഗത്തെ ഗേറ്റ് പൂര്‍ണമായും പൊങ്ങാത്തതെന്ന് പറയുന്നു. അറ്റകുറ്റ പണിതീര്‍ത്ത് തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗേറ്റ് പൂര്‍ണമായും പൊക്കണം
പാലക്കുന്ന് റെയില്‍വേ ഗേറ്റ് ഒരു ഭാഗം പൂര്‍ണമായി ഉയരാത്തതിലെ സാങ്കേതിക തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് എരോല്‍ ആറാട്ടുകടവ് പ്രദേശ് തിരുമുല്‍കാഴ്ച കമ്മിറ്റി ജനറല്‍ ബോഡിയോഗം റയില്‍വേയോട് ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാന വാരം നടക്കുന്ന പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവ ആയിരത്തിരി നാളില്‍ തിരുമുല്‍കാഴ്ച ഘോഷയാത്ര കടന്നുപോകേണ്ട പാതയാണിത്. ഗേറ്റ് പൂര്‍ണമായും ഉയര്‍ത്താനായില്ലെങ്കില്‍ ഘോഷയാത്ര പാളത്തില്‍ കുടുങ്ങുമെന്നും അത് തീവണ്ടി ഗതാഗതത്തെ ബാധിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി . തായത്ത്
വളപ്പ് തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംങ്ങ് ചെയര്‍മാന്‍ എ. ബാലകൃഷ്ണന്‍. കണ്‍വീനര്‍ വി. കെ. അശോകന്‍ വിവിധ ഉപ കമ്മിറ്റി ഭാരവാഹികള്‍ സംസാരിച്ചു.