വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബര്‍ തട്ടിപ്പുകള്‍ നിരന്തരമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ് എസ് എഫ് (സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ജനുവരി മാസത്തില്‍ മാത്രം സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങളാണ് ലഹരിയുടെ ഉപയോഗം മൂലം നടന്നത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വന്‍തോതിലുള്ള ലഹരി വസ്തുക്കളാണ്. ഇതില്‍ കുറഞ്ഞ അളവിലുള്ളത് മാത്രമാണ് പിടിക്കപ്പെടുന്നത്. ലഹരി വിതരണക്കാര്‍ക്ക് പിന്നിലുള്ള വന്റാക്കറ്റുകളെ പിടിക്കാന്‍ പോലീസിനോ എക്‌സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ അതിവ്യാപന കാരണം. ജനുവരി ഇരുപതിന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ഡിവിഷന്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികള്‍ക്ക് ഔദ്യാഗിക തുടക്കംകുറിച്ചത്. ജില്ലയിലെ 600 ഗ്രാമങ്ങളില്‍ നടന്നു വരുന്ന ‘പ്രക്ഷോഭ തെരുവില്‍’ പതിനായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മുഴുവന്‍ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെയും അധിക്യതര്‍ക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ പൗരാവകാശ രേഖ സമര്‍പ്പിക്കും. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്‌നേഹ സംവാദസദസ്സുകളില്‍ ബോധവത്ക്കരണ ശ്രമങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികള്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, ലഘുലേഖ വിതരണം, സ്‌കൂളുകളിലും കോളേജുകളിലും സംഘടനയുടെ കലാലയ ഘടകങ്ങളുടെ ആഭിമിഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങി അമ്പതിലധികം വൈവിധ്യമായ പരിപാടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
എസ് പി ഓഫീസ് മാര്‍ച്ച്
വര്‍ധിച്ചു വരുന്ന ലഹരി, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ എസ് എസ് എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും.രാവിലെ 10:00 ന് ഉളിയത്തുക്ക എസ്.പി നഗറില്‍നിന്ന് ആരംഭിക്കുന്ന എസ് പി ഓഫീസ് മാര്‍ച്ചിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കും. സംസ്ഥാന സെക്രട്ടറി മുനവ്വര്‍ അമാനി കണ്ണൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അഭിവാദ്യം ചെയ്യും. കരീം ദര്‍ബാര്‍കട്ട, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫിഎന്നിവര്‍ സംസാരിക്കും.
പത്ര സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സുറൈജി, സെക്രട്ടറിമാരായ ഫയാസ് പട്‌ള , ഇര്‍ഷാദ് കളത്തൂര്‍, മുര്‍ഷിദ് പുളിക്കൂര്‍, ഹാഫിള്‍ അബ്ദുല്ല ഹിമമി , സകരിയ അഹ്‌സനി എന്നിവര്‍ പങ്കെടുത്തു.