കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : സമ്പൂര്‍ണ്ണ ജനകീയശുചീകരണ യജ്ഞം നടത്തി.

രാജപുരം: മാലിന്യ മുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനപരിധിയില്‍ ഉടനീളം സമ്പൂര്‍ണ ശുചീകരണ യജ്ഞം നടത്തി.ഓരോ വാര്‍ഡുകളും പ്രത്യേകം അവരുടെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലാണ് ശുചീകരണം നടത്തിയത്. പ്രധാനമായും പാതയോരങ്ങള്‍ പൊതുയിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ ഗ്രന്ഥശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവ ശുചീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് നിര്‍വഹണ സമിതി അംഗങ്ങള്‍, വ്യാപാരികള്‍, തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍മാര്‍, വാര്‍ഡ് കണ്‍വീനര്‍മാര്‍ നേതൃത്വം നല്‍കി.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023 മെയ് മാസത്തില്‍ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ഒരിക്കത്തിലാണ്. അതിനുമുന്‍പ് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും, ടൗണുകളെയും ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത ടൗണുകള്‍ എന്നിങ്ങനെ പ്രഖ്യാപിക്കും. മുഴുവന്‍ വാര്‍ഡുകളെയും മാലിന്യ മുക്ത വാര്‍ഡുകളായി പ്രഖ്യാപിക്കും.മുഴുവന്‍ അംഗന്‍വാടികളെയും സ്ഥാപനങ്ങളെയും ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപനം നടന്നു.തദ്ദേശസ്ഥാപന പരിധിയില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായാണ് നടന്നു വരുന്നത്.ഹരിതകര്‍മസേനക്ക് യൂസര്‍ ഫീ നല്‍കി അജൈവ മാലിന്യം കൈമാറത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. മാലിന്യ സംസ്‌കാരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കുവാന്‍ തദ്ദേശസ്ഥാപനത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംവിധാനവും നിലവിലുണ്ട്. വരും ദിവസങ്ങളില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘനങ്ങള്‍ ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഒടയംചാല്‍ ടൗണില്‍ നടന്ന ശുചിത്വ ക്യാമ്പയിനില്‍ പ്രസിഡന്റ് പി ശ്രീജ, പഞ്ചായത്ത് സെക്രട്ടറി ജയ്‌സണ്‍ ആന്റണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ ഒ വി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *