മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കിലെയും നഗരസഭയിലെയും എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കല്‍, അജൈവ മാലിന്യ ശേഖരണത്തിന് ബിന്നുകള്‍ സ്ഥാപിക്കല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഹരിതനിയമങ്ങള്‍ പാലിക്കല്‍, ശുചിത്വ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയത്.
നീലേശ്വരം ബ്ലോക്കിലെ തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പടന്ന പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി 44 ഗവ: വിദ്യാലയങ്ങള്‍, 39 എയിഡഡ് വിദ്യാലയങ്ങള്‍, 6 അണ്‍ എയിഡഡ് റക്കക്ക്‌നൈസ്ഡ് വിദ്യാലയങ്ങള്‍, 10 സി.ബി.എസ്.ഇ തുടങ്ങിയവ എന്നിങ്ങനെ ആകെ 99 വിദ്യാലയങ്ങള്‍ ഉണ്ട്. ഇതില്‍ 21 വിദ്യാലയങ്ങള്‍ എപ്ലസ് ഗ്രേഡും 78 വിദ്യാലങ്ങള്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
മുഴുവന്‍ വിദ്യാലയങ്ങളും എ പ്ലസ്, എ ഗ്രേഡ് നേടിയ സാഹചര്യത്തിലാണ് ബ്ലോക്ക് തല ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തുന്നത്. നിലവിലെ നേട്ടങ്ങള്‍ നിലനിര്‍ത്തിപ്പോകുന്നതിനും കൂടുതല്‍ വിദ്യാലയങ്ങളെ എ പ്ലസ് നിലവാരത്തില്‍ എത്തിക്കുന്നതിനുമുള്ള പ്രോജക്ടുകള്‍ തദ്ദേശ സ്വയംഭരണതലത്തില്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ച ചെയ്തു. കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി ബ്ലോക്ക് തല ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി ദേവരാജന്‍ മാസ്റ്റര്‍ ഹരിത വിദ്യാലയ പ്രഖ്യാപന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അനില്‍കുമാര്‍, സുനിത, പിലിക്കോട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വി.സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി സുജാത, സി.ചന്ദ്രമതി, ചെറുവത്തൂര്‍ ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, സി.കെ.സി.എല്‍ ജില്ലാ മാനേജര്‍ മിഥുന്‍, നീലേശ്വരം നഗരസഭ എച്ച്.ഐ മൊയ്തു, ഗ്രാമപഞ്ചായത്ത് എ.എസ് മാരായ കെ.എന്‍ സുശീല, സുരേഷ്, പ്രമീള ബോബി, പഞ്ചായത്ത് എച്ച്ച.ഐ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ബ്ലോക്ക് സെക്രട്ടറി ടി.രാഗേഷ് സ്വാഗതവും ബ്ലോക്ക് ഇഒ(ഡബ്ല്യു ഡബ്ല്യു) പി.ആര്‍ മിനിജ നന്ദിയും പറഞ്ഞു.