പാലക്കുന്ന് : വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ പ്രമേയമാക്കിയ ‘ജയഭാരതി ടൈലേഴ്‌സ്’ തെരുവ് നാടകം നാട്ടിന്‍പുറങ്ങളിലെ വേദികളില്‍ പ്രദര്‍ശനം തുടരുന്നു. ബഹുസ്വരത നഷ്ടപ്പെട്ട വര്‍ത്തമാനകാല ഇന്ത്യയുടെ പരിച്ഛേദമാണ് ഈ നാടകമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഒരു നാടിനു മുഴുവന്‍ വ്യത്യസ്ത നിറങ്ങളില്‍, അളവില്‍, രൂപങ്ങളില്‍ വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ജയഭാരതി ടൈലേഴ്‌സ്. ഒരു ദിവസം യാദൃശ്ചികമായി പോക്കണംകോട് (സാങ്കല്‍പ്പികം) കവലയില്‍ നിന്നും പഴയ ഒരു ‘കാല്‍സറായി’ കണ്ടുകിട്ടുകയും, അതു പിന്നീട് നാട്ടില്‍ ഒരു ഫാഷനായി മാറുകയും ചെയ്യുന്നു. ഒരൊറ്റ നിറത്തിലേക്കും രീതിയിലേക്കും പോകണംകോട് മാറുകയായിരുന്നു. പോക്കണംകോടിന്റെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ കാല്‍സറായിക്കാര്‍ ഇടപെടുകയും ഒരു നാടിന്റെ ബഹുസ്വരത തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജയഭാരതി ടൈലേഴ്‌സ് ശക്തി പ്രാപിക്കുന്നതാണ് കഥ.
നാട്ടിലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ അരവത്ത് യുവശക്തിയിലൂടെ അരങ്ങിലെത്തിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശോഭ് ബാലനാണ്. സതീഷ് പനയാല്‍, പ്രദീപ് അരവത്ത്, ശ്രീനാഥ് നാരായണന്‍, രാജന്‍ തച്ചങ്ങാട്, ശശി ആറാട്ട്കടവ്, ദാമോദരന്‍ കരിഞ്ചാല്‍, ശ്രീകാന്ത് ചീകു, സുജിത് തോക്കാനം, വിഷ്ണു പാലത്താട്, കല മഹേഷ്, ടി.വി.നാരായണന്‍, ശശിധരന്‍ അരവത്ത്, ഡോ. സന്തോഷ് പനയാല്‍ തുടങ്ങിയവരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം
ചെറുവത്തൂര്‍ കാരിയിലായിരുന്നു ആദ്യം അരങ്ങേറിയത്. വരും ദിവസങ്ങളില്‍ പെരളടുക്കം, കുറ്റിക്കോല്‍ (18), പെരിയാട്ടടുക്കം (20) ഒളയത്തടുക്കം(25), കോളിയടുക്കം (26), ആറാട്ടുകടവ്(29), ചായ്യോത്ത് (ഫെബ് 2), വെളുത്തോളി (15) എന്നിവിടങ്ങളില്‍ ഈ തെരുവ് നാടകം കളി തുടരും.