തൃശൂര്‍: പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ (80) അന്തരിച്ചു. തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകന്‍ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയാണ് ജയചന്ദ്രന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
1965ല്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തില്‍ പി ഭാസ്‌കരന്റെ രചനയായ ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രന്‍ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്‌കരന്റെ രചനയായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ഗാനം ഏറെ ശ്രദ്ധ നേടി. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ?ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.