കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തത്. പ്രതി ഭാഗത്തിന്റെ വാദം കോടതി തള്ളി. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.
ഇന്നലെ മേപ്പാടിയില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിന് ശേഷം പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും കാണിച്ച് നടി പരാതി നല്‍കുകയായിരുന്നു.
ബോച്ചെയ്ക്ക് എതിരെ പരാതി നല്‍കിയ വിവരം നടി തന്റെ സമൂഹമാധ്യമ പേജുകള്‍ വഴിയാണ് പുറത്തുവിട്ടത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.