സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യം,കേരളനടനം എന്നീ ഇനങ്ങളില്‍ എ ഗ്രേഡും കുച്ചിപ്പുടിയില്‍ ബി ഗ്രേഡും നേടി മികവ് കാട്ടിയ സച്ചു സതീഷിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കാഞ്ഞങ്ങാട്ടെ ജെ.കെ. ജങ്ഷന്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്. അമ്മ ബിന്ദുവും മൂത്തമ്മ ലക്ഷ്മിയും സച്ചുവിനൊപ്പമുണ്ടായിരുന്നു. കടുമേനി ഉന്നതിയിലാണ് സച്ചുവും അമ്മ ബിന്ദുവും താമസം. കൂലിപ്പണിയെടുത്താണ് ബിന്ദു കുടുംബം പോറ്റുന്നത്. തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സച്ചു. നിന്നുതിരിയാന്‍ ഇടമില്ലാത്ത കൊച്ചുവീട്ടിലാണ് സച്ചുവിന്റെ നൃത്തപരിശീലനം. കഷ്ടപ്പാടിനിടയിലും മകന്റെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ അമ്മ എന്നും കൂട്ടു നിന്നു. ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയാണ് സച്ചുവിനെ അമ്മ നൃത്തമത്സരങ്ങള്‍ക്ക് അയക്കുന്നത്. ജില്ലാ കലോത്സവത്തില്‍ സച്ചു ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നീയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. തുടര്‍ന്ന് സച്ചുവിന്റെ ദുരിതം പത്രവാര്‍ത്തയിലൂടെ അറിഞ്ഞ ജെ.കെ. ജങ്ഷന്‍ കൂട്ടായ്മ കലോത്സവത്തില്‍ മത്സരിക്കാനുള്ള ചെലവിലേക്ക് 1,11,111 രൂപ സ്വരൂപിച്ച് കൈമാറിയിരുന്നു. സച്ചുവിന്റെ ജീവിതം മാതൃകാപരവും നൃത്തകലാപഠനമാണ് തന്റെ ലക്ഷ്യമെന്നുമുള്ള തീരുമാനം പ്രശംസാര്‍ഹമാണെന്നും സ്വീകരണച്ചടങ്ങില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരായ എം. കെ. വിനോദ് കുമാര്‍, എ. ഹമീദ് ഹാജി എന്നിവര്‍ പൊന്നാട അണിയിച്ചു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍, മാരിയമ്മ ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ബി. മുകുന്ദപ്രഭു, പി.എം. അബ്ദുല്‍ നാസര്‍, സിനിമാതാരം സിജി രാജന്‍, അനീഷ് ചായ്യോത്ത്, നന്ദകിഷോര്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.