കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പത്ത് വര്‍ഷം ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണെന്നുമാണ് കിരണ്‍ ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് ജയില്‍ മേധാവി ഡിസംബര്‍ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ രണ്ടാമത് അപേക്ഷ നല്‍കിയപ്പോള്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. തുടര്‍ന്ന് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.