പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ ചെറിയ കലംകനിപ്പ് സമാപിച്ചു. പണ്ടാരക്കല മാണ് ആദ്യം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.
നിവേദ്യമൊരുക്കാനുള്ള വിഭവങ്ങളുമായി ആയിരത്തില്‍പരം കലങ്ങളാണ് ഇന്നലെ (7) രാവിലെ സമര്‍പ്പിച്ചത്. കലത്തിലെ വിഭവങ്ങള്‍ വാല്യക്കാര്‍ തരം തിരിച്ചു. കലത്തിലെ ചോറും അടയും ആചാരസ്ഥാനികരുടെ നേതൃത്വത്തില്‍ വാല്യക്കാരുടെ സഹായത്തോടെ തയ്യാറാക്കി.
കഴക പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്രതശുദ്ധിയോടെ കാല്‍നടയായി കലങ്ങള്‍ തലയിലേന്തി സ്ത്രീകള്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി സമര്‍പ്പണം നടത്തി. മാങ്ങ അച്ചാര്‍ ചേര്‍ത്ത ഉണക്കലരി കഞ്ഞിയും കഴിച്ചു വ്രതം അവസാനിപ്പിച്ചു വീടുകളിലേക്ക് മടങ്ങി. സന്ധ്യ കഴിഞ്ഞ് കലശാട്ടിനും കല്ലൊപ്പിക്കലിനും ശേഷം ദേവിക്ക് നിവേദിച്ച ചോറും ചുട്ടെടുത്ത അടയും കലങ്ങളില്‍ നിറച്ച് തിരിച്ചു നല്‍കിയതോടെ ചെറിയ കലംകനിപ്പിന് സമാപനമായി. അടുത്ത മാസം 7 നാണ് ക്ഷേത്രത്തില്‍ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണം.