2024-25 സാമ്പത്തിക വര്‍ഷത്തെ ജില്ലാതല ബാങ്കിങ് രണ്ടാം പാദ അവലോകനയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജേഷിന്റെ അധ്യക്ഷത വഹിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ മൊത്തം നിക്ഷേപം 17079.38 കോടി രൂപയും വായ്പ 15439.98 കോടി രൂപയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 90.40 ശതമാനം ആണ്. ജില്ലയിലെ ബാങ്കുകള്‍ 2024-25 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 6258.39 കോടി രൂപ വായ്പ നല്‍കി. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഇനത്തില്‍ ലക്ഷ്യമിട്ട 5745 കോടി രൂപയില്‍ 3493.24 കോടി രൂപയുടെ (61%) ലക്ഷ്യം കൈവരിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഘലയില്‍ ലക്ഷ്യമിട്ട 1223 കോടി രൂപയില്‍ 1043.74 കോടി രൂപയുടെ (85%) ലക്ഷ്യം കൈവരിച്ചു. ഭവന വിദ്യാഭ്യാസം ഉള്‍പ്പെട്ട തൃതീയ മേഖലയില്‍ ലക്ഷ്യമിട്ട 399 കോടി രൂപയില്‍ 313 കോടി രൂപയുടെ (78%) ലക്ഷ്യം കൈവരിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ ലക്ഷ്യമിട്ട 7367 കോടി രൂപയില്‍ 4850 കോടി രൂപ (66%) കൈവരിക്കുകയും ചെയ്തു.
ജില്ലയിലെ ബാങ്കുകളുടെ സുരക്ഷ ക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട വിഷയത്തെ കുറിച്ച് കാസര്‍കോട് അഡിഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ സംസാരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാനറാ ബാങ്ക് റിജണല്‍ മാനേജര്‍ അന്‍ശുമാന്‍ ദേ, നബാര്‍ഡ് ഡി.ഡി.എം ഷാരോണ്‍ വാസ്, ആര്‍ ബി ഐ പ്രതിനിധി ശ്യാം സുന്ദര്‍, ജില്ല ലീഡ് ബാങ്ക് മാനേജര്‍ തിപ്പേഷ് എന്നിവര്‍ സംസാരിച്ചു. നമ്പാര്‍ഡ് 2025-26 പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു.