ഉദുമ: ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സൈലേജ് വിതരണ പദ്ധതി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് നൂതന പദ്ധതിയിലൂടെ ഇത് ഉദുമയിലെ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സാങ്കേതിക പരിശോധന ടീമിന്റെ അംഗീകാരത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നല്ലയിനം പച്ചപ്പുല്ല് ചെറുതായി അരിഞ്ഞ്, ശര്‍ക്കര മിശ്രിതം ചേര്‍ത്ത് വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച് 3 ആഴ്ച സൂക്ഷിച്ചാല്‍ രാസപ്രവര്‍ത്തനം മൂലം പച്ചപ്പുല്ലിന്റെ രുചികൂടുകയും കന്നുകാലികള്‍ കൂടുതലായി ഭക്ഷിക്കുന്നുണ്ടെന്നും പറയുന്നു. വേനല്‍ക്കാലത്ത് പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യം കാരണം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സൈലേജ് ലഭിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഓരോ കര്‍ഷകനും 20,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക . ഉദുമ ക്ഷീര സഹകരണ സംഘത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം. ബീവി അധ്യക്ഷയായി. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഇ ചന്ദ്രബാബു, ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് പി. ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി രജനി പുരുഷോത്തമന്‍, വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.