ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് 2023ന് പൂര്‍ണ സഹകരണം നല്‍കും; ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വിജയത്തിന് റെയില്‍വേ ഭൂമി വാഹന പാര്‍ക്കിംഗ് സൗകര്യത്തിന് ലഭ്യമാക്കുന്നതുള്‍പ്പെടെ പൂര്‍ണ സഹകരണം നല്‍കുമെന്ന് ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സംഘാടക സമിതി ഭാരവാഹികളെ അറിയിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഡിവിഷണല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ബേക്കല്‍ റയില്‍വേ സ്റ്റേഷന് സമീപം റയില്‍വേയുടെ ഒഴിഞ്ഞ ഭൂമി പൂർണമായും വാഹന പാര്‍ക്കിംഗിന് ഉപയോഗിക്കാന്‍ അനുമതി നല്‍കും.

ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ ട്രയിനുകള്‍ വേഗത കുറച്ച് വിസില്‍ വാണിങ് നല്‍കും. ചില ട്രയിനുകള്‍ക്ക് ബേക്കലില്‍ അഡീഷണല്‍ സ്റ്റോപ്പേജ് പരിഗണിക്കും. ഇതിനായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫെസ്റ്റിവല്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് റെയില്‍വേ നടപാലം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അനധികൃതമായി റയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നത് പാടില്ലെന്നും അംഗീകൃത വഴികള്‍ ഈ കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും പാലക്കാട് റയില്‍വേ ഡിവിഷന്‍ മാനേജര്‍ അരുൺ കുമാർ ചതുര്‍വ്വേദി അറിയിച്ചു. കാര്യാലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്തും കൂടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *