പാലക്കുന്ന് : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത
ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്നവരും
സമൂഹത്തോട് കാണിച്ചത് ഗുരുതരമായ വഞ്ചനയാണെന്നും അക്കൂട്ടരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കോട്ടിക്കുളം മര്‍ച്ചെന്റ് നേവി ക്ലബ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ മുഖ്യ പങ്കാളികളായ കപ്പലോട്ടക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ വേതനം പറ്റുന്നവരാണ്. വിരമിച്ച ശേഷം വരുമാനമില്ലാതെ വീട്ടിലിരിക്കുന്ന ഒട്ടേറെ കപ്പലോട്ടക്കാരുടെ അവസ്ഥ കാണാതെ പോകരുത്. പ്രതിമാസ പെന്‍ഷന്‍ അനുവദിക്കാന്‍ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ വര്‍ഷങ്ങളായി മുറവിളികൂട്ടുകയാണ്. ജോലിയില്‍ നിന്ന് കിട്ടിയ പണം സ്വരൂപിച്ച് 2000 ചതുരശ്ര അടി അളവിനപ്പുറം ഒരു വീട് നിര്‍മിച്ചതാണ് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കാനുള്ള കാരണം. അതേ സമയം നല്ലൊരു തുക ശമ്പളം പറ്റുന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍
ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരും അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ക്ലബ് യോഗം വിലയിരുത്തി. വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. യു.കെ. ജയപ്രകാശ്, ഇബ്രാഹിം കാഞ്ഞങ്ങാട്, കൃഷ്ണന്‍ മുദിയക്കാല്‍, നാരായണന്‍ പാക്കം, രാധാകൃഷ്ണന്‍ കാഞ്ഞങ്ങാട്, കൃഷ്ണന്‍ ഉദയമംഗലം എന്നിവര്‍ പ്രസംഗിച്ചു.