അന്താരാഷ്ട്ര റബ്ബര്‍ സമ്മേളനത്തിന് കൊച്ചി ആതിഥേയത്വം വഹിക്കും

റബ്ബര്‍ വ്യവസായമേഖലയിലെ സുസ്ഥിര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റബ്ബര്‍കോണ്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ

കൊച്ചി: ഇന്ത്യയിലെ റബ്ബര്‍ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നി അന്താരാഷ്ട്ര റബ്ബര്‍ സമ്മേളനം റബ്ബര്‍കോണ്‍ 2024 (RUBBERCON 2024) ഡിസംബര്‍ 5 മുതല്‍ 7 വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റബ്ബര്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്റെ (IRCO) സഹകരണത്തോടെ ഇന്ത്യന്‍ റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (IRI) ആണ് സംഘാടകര്‍. ഇതാദ്യമായിട്ടാണ് റബ്ബര്‍കോണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുന്നത്. റബ്ബര്‍ വ്യവസായത്തിലെ ”സുസ്ഥിര വികസനം – വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തില്‍ റബ്ബര്‍ മേഖലയിലെ നൂതനത്വത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഒരു അന്താരാഷ്ട്ര വേദിയായിരിക്കും ഈ സമ്മേളനമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, പോളണ്ട്, യുകെ, യുഎസ്എ, കാനഡ, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ചൈന, ശ്രീലങ്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രഗത്ഭരായ 90 പ്രഭാഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, 18 പോസ്റ്റര്‍ അവതരണങ്ങളും ഉണ്ടാകും. റബ്ബര്‍ മേഖലയിലെ ആധുനിക മാറ്റങ്ങളും സാങ്കേതികവിദ്യയിലെ അത്യാധുനിക ഗവേഷണങ്ങളും വികാസങ്ങളും സമ്മളനത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യയിലെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ്, എയറോനോട്ടിക്കല്‍ സിസ്റ്റംസിന്റെ മുന്‍ പ്രോജക്ട് ഡയറക്ടറും ഡി ആര്‍ ഡി ഒ യിലെ അഗ്‌നി-IV മിസൈലിന്റെ ഡയറക്ടറും നിലവില്‍ നിഷ് (NICHE) യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും, സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.

പ്രധാന സമ്മേളനത്തിന് മുന്നോടിയായി അഡ്വാന്‍സ്ഡ് ടയര്‍ ടെക്‌നോളജി, ട്രെഡ് റബ്ബര്‍ & റീട്രെഡിംഗ് ടെക്‌നോളജി എന്നിവയെ കേന്ദ്രീകരിച്ച് രണ്ട് സിമ്പോസിയങ്ങള്‍ നടന്നു. യോകോഹാമ കോര്‍പ്പറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയിലെ അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെസ്റ്റിംഗ് ഡയറക്ടര്‍ ഡോ. ജെയിംസ് എഫ്. കട്ടിനോ, ലക്സംബര്‍ഗിലെ ഗുഡ്ഇയര്‍ ഇന്നൊവേഷന്‍ സെന്ററിലെ മുന്‍ അംഗമായ ഡോ അനെറ്റ് ലെച്ചെന്‍ബോഹ്‌മര്‍ ടയര്‍ സാങ്കേതികവിദ്യയിലെയും റീട്രെഡിംഗ് പ്രക്രിയകളിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഐ ആര്‍ ഐ ചെയര്‍മാന്‍ ഡോ ആര്‍ മുഖോപാധ്യായ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐആര്‍ഐ വൈസ് ചെയര്‍മാന്‍ വി.കെ. മിശ്ര, റബ്ബര്‍കോണ്‍ 2024-ന്റെ ചീഫ് കണ്‍വീനര്‍ പി.കെ. മുഹമ്മദ്, ടെക്‌നിക്കല്‍ കണ്‍വീനര്‍ ഡോ. സമര്‍ ബന്ദ്യോപാധ്യായ, സമ്മേളനത്തിന്റെ കണ്‍വീനര്‍ ശംഭു നമ്പൂതിരി, ടെക്നിക്കല്‍ കമ്മിറ്റി കോ-കണ്‍വീനര്‍ ഡോ. ജോബ് കുര്യാക്കോസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *