ബന്ധുക്കളായ 4 വീട്ടുകാരുടെ ഏക ആശ്രയമായിരുന്ന കിണറാണ് ഉള്‍വലിഞ്ഞത്
പാലക്കുന്ന് : ശക്തമായ മഴയില്‍ ഉദുമ പടിഞ്ഞാര്‍ കൊപ്പലില്‍ കിണര്‍ ഇടിഞ്ഞു താണു. ബന്ധുക്കളായ നാല് വീട്ടുകാരുടെ ഏക ആശ്രയമായിരുന്ന കിണറാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പൂര്‍ണമായും ഇടിഞ്ഞു താണത്.
കൊപ്പലിലെ കെ. കെ. ഹൗസില്‍ പരേതനായ കണ്ണന്റെ ഭാര്യ ചിരുതയുടെ വീട്ടുപറമ്പിലുള്ള കിണറാണിത്. തൊട്ടുള്ള അവരുടെ ബന്ധുക്കളായ രാജന്‍, കൃഷ്ണന്‍, കോരന്‍ എന്നിവര്‍ വര്‍ഷങ്ങളായി ഈ കിണറിലെ വെള്ളമാണ് ഉപയോഗിച്ചു വരുന്നത്. ഇവരുടെ കുടിവെള്ളമാണ് ഇതോടെ മുടങ്ങിയത്. കുട്ടികള്‍ പലപ്പോഴും ഒളിച്ചുകളിക്കാനും മറ്റും വട്ടം കറങ്ങുന്ന കിണറാണിത്. കിണര്‍ ഉള്‍വലിയുമ്പോള്‍ എല്ലാവരും ഉച്ച ഭക്ഷണത്തിരക്കിലായിരുന്നു. അതിനാല്‍ ആളപായമൊന്നുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അവരവരുടെ ആവശ്യത്തിന് വെള്ളമെടുക്കാന്‍ എല്ലാവര്‍ക്കും പ്രത്യേകം പമ്പുകളും ഉണ്ടായിരുന്നു . അതില്‍ രണ്ടെണ്ണം കിണറിനോടൊപ്പം നഷ്ടമായി. തൊട്ടു ചേര്‍ന്നുള്ള വീടിനും അപകട ഭീഷണിയായതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ രാത്രിയോടെ കിണര്‍ മണല്‍ നിറച്ച് മൂടി. രണ്ട് ജെസിബിയും ഇതിനായി ഉപയോഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, സെക്രട്ടറി കിരണ്‍ ചന്ദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉമേശ്, വില്ലേജ് ഓഫീസര്‍ എ.വത്സല, ബേക്കല്‍ പോലിസ് ഓഫീസര്‍ , സബ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കിണര്‍ മൂടാനും മറ്റുമായി നല്ലൊരു തുക ചെലവായിട്ടുണ്ട്. പഞ്ചായത്ത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍. കുടിവെള്ളത്തിന് വഴി തേടുകയാണ് ഇവര്‍ .