റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കരിപ്പോടി പ്രാദേശിക സമിതി പൊതുയോഗം പ്രതിഷേധിച്ചു
പാലക്കുന്ന് : ജില്ലയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രധാന പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രൈനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്ന് നാട്ടിലെ വിവിധ സംഘടനകളും ഉദുമ പഞ്ചായത്തും ഏറെ വര്‍ഷങ്ങളായി മുറവിളി കൂട്ടുകയാണ്. ടൂറിസം സ്റ്റേഷന്‍ എന്ന നിര്‍ദേശം എങ്ങുമെത്തിയില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ച റിസര്‍വേഷന്‍ സൗകര്യം പുനരാരംഭിച്ചില്ല. പതിറ്റാണ്ടിലേറെ പഴക്കമുള്ള മേല്‍പ്പാലമെന്ന സങ്കല്പം ടെണ്ടര്‍ നടപടികള്‍ക്ക് ശേഷവും അനിശ്ചിതമായി നീണ്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് പി. കെ. വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുരേഷ്, സുനീഷ് പൂജാരി, ട്രഷറര്‍ രാഘവന്‍ കരിപ്പോടി, സുരേഷ്‌കുമാര്‍ പാലക്കുന്ന്, പി.പി. ജയചന്ദ്രന്‍, പാലക്കുന്നില്‍ കുട്ടി, ബിന്ദു ജയന്‍, കുഞ്ഞിരാമന്‍ പാക്യാര എന്നിവര്‍ പ്രസംഗിച്ചു. ഇളയ ഭഗവതിയുടെ നര്‍ത്തകന്‍ ഗോപാലന്‍ ആയത്താരുടെയും മറ്റു സമിതി അംഗങ്ങളുടെയും നിര്യാണത്തില്‍ അനുശോചിച്ചു.