കരയിലും കസറി കാസര്‍കോട്ടെ കപ്പലോട്ടക്കാര്‍

അവധിയിലുള്ള കപ്പല്‍ ജീവനക്കാരുടെ
ഫുട്ബോള്‍ ടൂര്‍ണമെന്റ് : എഫ്‌സി നാവിഗേറ്ററിനെ തോല്‍പ്പിച്ച് ഓഷ്യന്‍ എഫ്‌സി ജേതാക്കളായി

പാലക്കുന്ന് : അവധിയില്‍ നാട്ടിലുള്ള ജില്ലയിലെ കപ്പലോട്ടക്കാര്‍ പാലക്കുന്നില്‍ നടത്തിയ നാലാമത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശമായി. പള്ളത്തിലെ കിക്കോഫ് ടര്‍ഫില്‍ ശനിയാഴ്ച്ച വൈകുന്നേരം 150 ഓളം പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളിക്കാനായി എത്തിയെങ്കിലും 8 ടീമുകള്‍ക്കു മാത്രമേ കളത്തില്‍ ഇറങ്ങാന്‍ സമയം അനുവദിച്ചുള്ളൂ. ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ വി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. വാശിയേറിയ സെവന്‍സ് ടൂര്‍ണമെന്റില്‍ എഫ്‌സി നാവിഗേറ്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഓഷ്യന്‍ എഫ്‌സി ചാമ്പ്യന്മാരായി.

അവധിയിലുള്ള മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ ജേഴ്‌സി അണിഞ്ഞ് ഫുട്ബോള്‍ കളിക്കാന്‍ ടീമുകളുമായി കളത്തിലിറങ്ങിയത് രാജ്യത്ത് തന്നെ ആദ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. സിമെന്‍സ് വാട്‌സാപ്പ് കൂട്ടായ്മ നാല് വര്‍ഷം മുന്‍പാണ് കപ്പലോട്ടക്കാരുടെ തട്ടകമായ ജില്ലയില്‍ ഇതിന് തുടക്കമിട്ടത്. പങ്കാളിത്തം വര്‍ധിച്ചതോടെ കളിയുടെ ആവേശവും കൂടി.കപ്പലുകള്‍ അറ്റകുറ്റ പണിക്കായ് ഡോക്കുകളില്‍ കെട്ടിയിടുമ്പോള്‍ അവിടത്തെ ടീമുകളുമായി മത്സരിക്കാന്‍ ജീവനക്കാര്‍ ജേഴ്‌സി അണിയാറുണ്ട്. അവധിയില്‍ നാട്ടിലുള്ളപ്പോള്‍ പ്രാദേശിക ക്ലബ്ബുകളുടെ സൗഹൃദ മത്സരങ്ങള്‍ വഴി ലഭിച്ച പരിശീലനവുമാണ് കപ്പലോട്ടക്കാരുടെ ടീമുകള്‍ ഉണ്ടാക്കിയതോടെ കളി കാര്യമായെന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *