നമ്മുടെ കാസര്‍കോട് തെയ്യം കലാകാരന്‍മാര്‍ ജില്ലാ കളക്ടറുമായി സംവദിച്ചു

ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയായ നമ്മുടെ കാസര്‍കോടില്‍ തെയ്യം കലാകാരന്മാരുമായി സംവദിച്ചു. തെയ്യം കോലധാരികളും കുടുംബവും സമൂഹത്തില്‍ നേരിടുന്ന സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥ കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തെയ്യത്തെ മറ്റ് കലാരൂപങ്ങള്‍ പോലെ പൊതു ഇടങ്ങളിലും ഇതര രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് കോലധാരി സമൂഹത്തിനോടും നാടിനോടും ചെയ്യുന്ന ക്രൂരതയാണെന്നും കോലധാരികള്‍ പറഞ്ഞു.

ചെണ്ടയും ആടയാഭരണങ്ങളും വാങ്ങിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമല്ല. തെയ്യം എന്ന അനുഷ്ഠാന കലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നില്ല. സര്‍ക്കാര്‍ സഹായവും പ്രോത്സാഹനവും നല്‍കി പുതിയ തലമുറയെ അനുഷ്ഠാനത്തിന്റെ ഭാഗമാക്കാന്‍ സാധിക്കണം. സാംസ്‌ക്കാരിക വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ തെയ്യം മുഖത്തെഴുത്ത് ശില്‍പശാലകള്‍ സംഘടിപ്പിക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് കളക്ടര്‍ക്ക് മുന്നില്‍ അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളും പട്ടികവര്‍ഗ്ഗ വകുപ്പുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങളെടുക്കാമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉറപ്പ് നല്‍കി. കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *