ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മുഖേന 69 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നറുക്കെടുപ്പിലൂടെ ഭൂമിയായി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ നറുക്കെടുപ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നറുക്കെടുപ്പ് രീതി വിശദീകരിച്ചു. പരപ്പ ടി.ഡി.ഒ എം.അബ്ദുല്‍ സലാം, എ.ടി.ഡി.ഒ കെ. മധുസൂദനന്‍,ഭീമനടി ടി.ഇ.ഒ എ.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
2022-23 വര്‍ഷം മാലോത്ത്, ബേളൂര്‍ വില്ലേജുകളില്‍ 19.56 ഏക്കര്‍ ഭൂമി ജില്ലാ കളക്ടറുടെ പേരില്‍ ഏറ്റെടുക്കുകയും അവ 25 സെന്റ് വീതമുള്ള 77 പ്ലോട്ടുകളാക്കി തിരിക്കുകയും ചെയ്തു. നിലവില്‍ 206 പേരുടെ ലിസ്റ്റില്‍ പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് പരിധിയില്‍ ഭൂമി അനുവദിക്കാന്‍ ശേഷിക്കുന്ന 90 പേരുടെ ലിസ്റ്റ് പുന:പരിശോധിക്കുകയും വിസ്സമതം അറിയിച്ചവരും മരണപ്പെട്ടവരും മറ്റ് പദ്ധതികളില്‍ ഉള്‍പ്പെട്ട് ഭൂമി ലഭ്യമായവരുമായി ഒന്‍പത് പേരെ ഒഴിവാക്കിയുമാണ് അര്‍ഹരായ 81 ഗുണഭോക്താക്കളെ കണ്ടെത്തിയത്.
77 പ്ലോട്ടുകളായി തിരിച്ച ഭൂമിയില്‍ നിന്നും മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട എട്ട് പട്ടികവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കള്‍ക്ക് കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം അനുവദിച്ചു. മാലോത്ത് വില്ലേജിലെ പാമത്തട്ടിലെ ആറ് പ്ലോട്ടുകള്‍ ബളാല്‍ പഞ്ചായത്തിലെ അപകട ഭീഷണി നിലനില്‍കുന്ന മൂത്താടി നഗറില്‍ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ക്കും ദേവഗിരിയിലെ രണ്ട് പ്ലോട്ടുകള്‍ ചെത്തിപ്പുഴതട്ടിലുണ്ടായ ശക്തമായ മഴയില്‍ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും അനുവദിച്ച് നല്‍കി. ബാക്കിയുള്ള 69 പ്ലോട്ടു കളാണ് 81 പേര്‍ക്ക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് നല്‍കിയത്. ബാക്കി വന്ന 12 പേര്‍ക്ക് അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കുമെന്ന് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു.