സമഗ്ര ആദിവാസി വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി ജില്ലാ കളക്ടര്‍

നബാര്‍ഡിന്റെ ആദിവാസി വികസന ഫണ്ടില്‍ പ്പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (സി.ആര്‍.ഡി) കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി ചെലവ് ചുരുങ്ങിയ രീതിയിലുളള കിണര്‍ റീചാര്‍ജ്ജിംഗ് പ്രവൃത്തികള്‍ കണ്ട് മനസിലാക്കിയ കളക്ടര്‍ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണിതെന്ന് വിലയിരുത്തുകയും ജില്ലയിലെ എല്ലാ കിണറുകളും ഇത്തരത്തില്‍ റീചാര്‍ജ്ജ് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

നബാര്‍ഡിന്റെ സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 18 ആദിവാസി ഊരുകളിലായി 4.26 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സി ആര്‍ സി വഴി നടപ്പിലാക്കുന്നത്. 3.24 കോടി രൂപ നബാര്‍ഡ് ഗ്രാന്റും 1.02 കോടി രൂപ ഗുണഭോക്തൃ വിഹിതവും ബാങ്ക് വായ്പയുമായാണ് വിനിയോഗിക്കുന്നത്. ദീര്‍ഘകാല വിളകളായ തെങ്ങ്, കമുക്, കുരുമുളക്, കശുമാവ് കൃഷിയോടൊപ്പം ഇടവിളയായി ചേന, മഞ്ഞള്‍, പച്ചക്കറികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. ആട്, പശു, തേനീച്ച കൃഷി, വാഴകൃഷി, വെറ്റില കൃഷി തുടങ്ങിയ വ്യക്തിഗത ജീവനോപാധി പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ജീവനോപാധി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിച്ച ധ്വനി വനിതാ ശിങ്കാരിമേളം, ഡോ അംബേദ്കര്‍ ഡിന്നര്‍സെറ്റ് എന്നിവ സന്ദര്‍ശിച്ച കളക്ടര്‍ ഗുരുതെയ്യം കലാ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് തെയ്യംഅണിയലകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിശ്രീജ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ് ഷാരോണ്‍വാസ്, സി ആര്‍ ഡി ഡയറക്ടര്‍ ഡോ. സി.ശശികുമാര്‍, പി.ടി.ഡി.സി പ്രസിഡണ്ട് രമേശന്‍ മലയാറ്റുകര എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രാജീവന്‍ ചീരോല്‍, ഇ. ബാലകൃഷ്ണന്‍, അനില്‍കുമാര്‍. എ, സി ആര്‍ ഡി പ്രോഗ്രാം ഓഫീസര്‍ ഇ സി ഷാജി എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *