ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ രുക്മ എസ് രാജ് പറഞ്ഞു. പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നെഹ്റു യുവകേന്ദ്ര കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സിവില്‍ ജഡ്ജ്. മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തോട് ഇഴ ചേര്‍ക്കപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കുന്നതല്ല അത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയെന്നും സിവില്‍ ജഡ്ജി പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം ജഡ്ജ് വായിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് ഗംഗാധരന്‍ കുട്ടമത്ത് ഭരണഘടന ക്ലാസ് എടുത്തു. ഡോ അംബേദ്കര്‍ വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ പി സുനില്‍കുമാര്‍, ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ ബിപുല റാണി, കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ വി സാവിത്രി, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ വി അശ്വതി എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ പി അഖില്‍ സ്വാഗതവും കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി ഷിജിത്ത് നന്ദിയും പറഞ്ഞു. എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പദയാത്ര നടത്തി.
കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ജീവനക്കാര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ജീവനക്കാര്‍ പങ്കെടുത്തു.