വെടിക്കെട്ട് ഒഴിവാക്കി തുക നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കാന്‍ തീരുമാനം.
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറും കഴിച്ചു വരാറുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി 5 ദിവസങ്ങളിലായി 2024 നവംബര്‍ 27ന് ആരംഭിച്ച് 2024 ഡിസംബര്‍ ഒന്നു വരെ വിവിധ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി തുക നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് കൈമാറാനാണ് തീരുമാനമെന്ന് ഭാരവാഹികള്‍ കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള തുക ഉത്തരമലബാര്‍തീയ്യ സംരക്ഷണ സമിതി പ്രസിഡണ്ട് രാജന്‍ പെരിയയ്ക്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള അനുമോദന സദസ്സില്‍ വച്ച് ഭാരവാഹികള്‍ കൈമാറും. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ 27ന് രാവിലെ 10 മണിക്ക് ക്ഷേത്രപരിധിയിലെ 7 പ്രാദേശിക സമിതികളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ്. രാത്രി 7 മണിക്ക് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന് ആരംഭം കുറിക്കും. രാത്രി 9 മണി മുതല്‍ പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങില്‍ എത്തും. നവംബര്‍ 28ന് രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുകുട, ശിങ്കാരിമേളം, പൂക്കാവടി, കാവടിയാട്ടം, വാദ്യമേളം ദേവ നൃത്തം, കലാരൂപങ്ങള്‍, ദീപാലങ്കാരങ്ങള്‍, വിളക്ക് നൃത്തം മറ്റ് നിരവധി ചലന നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്ന തിരുമുല്‍ കാഴ്ച മടിയന്‍കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെടും. രാത്രി 10 മണിക്ക് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുല്‍ കാഴ്ച സ്വീകരിക്കലും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും. നവംബര്‍ 29ന് രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 8 മണിക്ക് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം പ്രാദേശിക സമിതികള്‍ അവതരിപ്പിക്കുന്ന കൈകൊട്ടികളിയും രാത്രി 10 മണി മുതല്‍ പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടവും രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി, എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും. നവംബര്‍ 30ന് ശനിയാഴ്ച രാവിലെ മുതല്‍ രക്തചാമുണ്ഡി, ഭഗവതി വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാടും രാത്രി 7 മണിക്ക് ക്ഷേത്രപരിധിയില്‍ നിന്നും 2024 വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും കലാകായിക മത്സരങ്ങളില്‍ മികവുപുലര്‍ത്തിയ വ്യക്തികള്‍ക്കും ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര വിതരണവും അനുമോദനവും നടക്കും. ഹോസ്റ്റര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ അനുമോദനം നടത്തും. തുടര്‍ന്ന് ക്ഷേത്രപരിധിയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.രാത്രി 10 മണി മുതല്‍ പൂമാ രുതന്‍ വെള്ളാട്ടവും രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവുംപടിഞ്ഞാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലവും അരങ്ങില്‍ എത്തും. സമാപന ദിവസമായ ഡിസംബര്‍ ഒന്നിന് ഞായറാഴ്ച രാവിലെ മുതല്‍പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും ഒരുമണിക്ക് പടിഞ്ഞാറേ ചാമുണ്ഡി ഗുളികന്‍ എന്നീ തെയ്യങ്ങളുടെ പുറപ്പാടും നടക്കും വൈകുന്നേരം 4 മണിക്ക് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രം, നായക്കര വളപ്പ് മല്ലികാര്‍ജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ എഴുന്നള്ളത്തും തുടര്‍ന്ന് തേങ്ങയേറും നടക്കും. വിഷ്ണു മൂര്‍ത്തി തിരുമുടിയ ഴിക്കുന്നതോടുകൂടി ഉത്സവത്തിന് പരിസമാപനമാവും.ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനവും നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍, ഖജാന്‍ജി രാജേഷ് മീത്തല്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരന്‍ മീത്തല്‍, സെക്രട്ടറി രമേശന്‍ മടിയന്‍, ഭരണസമിതി മെമ്പര്‍ ടി. വി. ശ്രീധരന്‍, ആഘോഷ കമ്മിറ്റി മെമ്പര്‍മാരായ വി. വി. നിഷാന്ത്, ടി. കെ. വിനോദ് എന്നിവര്‍ സംബന്ധിച്ചു.