രാജപുരം: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വീടുകളില്‍ വിശ്വാസികള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള നക്ഷത്ര വിളക്കുകള്‍ തൂക്കി തിരുപിറവിയുടെ വരവറിയിക്കാന്‍ തുടങ്ങി. മലയോരത്തെ കച്ചവട സ്ഥാപനങ്ങളില്‍ വിവിധ തരങ്ങളിലുള്ള നക്ഷത്ര വിളക്കുകള്‍ എത്തികഴിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ വിപണി സജീവമാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. വിവിധ തരങ്ങളിലുള്ള സാന്താക്ലോസ് രൂപങ്ങള്‍, ക്രിസ്മസ്സ് ട്രീ, പൂല്‍ക്കുടുകള്‍ തുടങ്ങിയവ എത്തി കഴിഞ്ഞതായി ഈ രംഗത്തെ മലയോരത്തെ പ്രധാന കച്ചവടക്കാരനായ കോളിച്ചാലിലെ ജോസ്‌മോന്‍ തോപ്പുകാലാ പറഞ്ഞു. വീടുകളില്‍ പുല്‍ക്കുട് ഒരുക്കുന്നതിന് മികച്ച സമ്മാനങ്ങള്‍ വിവിധ സംഘടനകള്‍ നല്കുന്നതിനാല്‍ പുല്‍ക്കുട് ഉണ്ടാക്കാന്‍ നാനാജാതി മതസ്ഥരായ കുട്ടികള്‍ മുന്നോട്ട് വരുന്നുണ്ടെന്നും അതിനാല്‍ ആവശൃക്കാരുടെ എണ്ണം കൂടിയതായെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ നക്ഷത്രങ്ങള്‍ക്ക് വിലകുറവാണെന്നും കോളിച്ചാല്‍ എ.വി.എസ് ഷോറുടമ ജോസ്‌മോന്‍ പറയുന്നു.