ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സൗജന്യ കംപ്യൂട്ടര്‍ നൈപുണ്യ പരിശീലനം നല്‍കും. ജില്ലയിലെ എല്ലാ സ്‌കൂളിലേക്കും പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയച്ചതായി ജില്ലാ നൈപുണ്യ സമിതി യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.നന്ദികേശന്‍ അറിയിച്ചു. 35 വീതം വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ കോഴ്‌സില്‍ കംപ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ നല്‍കാനാണ് അസാപ്പ് ലക്ഷ്യമിടുന്നത്. കാസര്‍കോട് മഹിളാ മന്ദിരത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യല്‍ പരിശീലനം നല്‍കും. ശിശു സംരക്ഷണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് വഴികാട്ടി പദ്ധതിയുടെ ഭാഗമായി അസാപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഡ്രോണ്‍ പരിശീലന പരിപാടിയുടെ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. അസാപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഡ്രോണ്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം നടത്തുന്നതിന് കാസര്‍കോട് നഗരസഭയ്ക്ക് കീഴിലുള്ള ഗ്രൗണ്ട് ലഭ്യമാക്കുന്നതിനായി നഗരസഭയുമായി ചര്‍ച്ച ചെയ്യും. നബാര്‍ഡ് മുഖാന്തിരം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് കുടുംബശ്രീ പ്രൊപ്പോസലുകള്‍ നല്‍കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. മുന്‍ യോഗ തീരുമാന പ്രകാരം വിവിധ വകുപ്പുകള്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എം.കലാമുദ്ദീന്‍ സംസാരിച്ചു.