കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പ്രതികളെ എ ആര്‍ ക്യാമ്ബില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും.ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാള്‍ക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

വലിയ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഇയാളുടെ കുടുംബവുമാണ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലായത്. ഇവരെ അടൂര്‍ കെഎപി ക്യാമ്ബിലെത്തിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കകം പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. പുളിയറ പുതൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്‌പെഷ്യല്‍ ടീം ആണ് ഇവരെ പിടികൂടിയത്.

ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയില്‍ പദ്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു. ഇവിടെ മുതലാണ് പദ്മകുമാറിന്റെ പ്ലാനുകള്‍ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവന്‍ സംഭവം അറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *