കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടുകൂടി തുടക്കമായി. നവംബര്‍ 17 മുതല്‍ 22 വരെ ആറ് ദിവസങ്ങളിലായാണ് പാട്ടുത്സവ ആഘോഷങ്ങള്‍ നടക്കുന്നത്. ദീപവും തിരിയും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടി ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലെ സ്ഥാനങ്ങളില്‍ തിരി തെളിഞ്ഞു. തുടര്‍ന്ന് പൂവും അരിയും കൊടുക്കല്‍, പൂജ, വൈകിട്ട് മാതൃസമിതിയുടെ വിളക്കുപൂജ, രാത്രി പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,എഴുന്നള്ളത്ത് എന്നിവയും നടന്നു. പാട്ടുത്സവ ആഘോഷങ്ങള്‍ക്ക് ക്ഷേത്ര സ്ഥാനികര്‍, ക്ഷേത്ര ഭാരവാഹികള്‍,മാതൃസമിതി അംഗങ്ങള്‍, ക്ഷേത്രം പ്രസിഡണ്ട് കരുണന്‍ മുട്ടത്ത്, സെക്രട്ടറി നാരായണന്‍ പുതിയടവന്‍, ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍ ആക്കോട്ട്, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശശി കൊക്കോട്ട്, കണ്‍വീനര്‍ നാരായണന്‍ മൂത്തല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അശോകന്‍ വെങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്നു.പാട്ടുല്‍സവ ആഘോഷത്തിന്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, തുടര്‍ന്ന് പൂജയും മരക്കല പാട്ടും 11 മണിക്ക് എഴുന്നള്ളത്ത്, രാത്രി 7 മണിക്ക് കാടങ്കോട് നെല്ലിക്കാല്‍ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം, കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്ര പൂരക്കളി സംഘം,കോയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം എന്നിവരുടെ പൂരക്കളി പ്രദര്‍ശനം നടക്കും. രാത്രി 9 മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും തുടര്‍ന്ന് പൂജ, മരക്കല പാട്ട്,എഴുന്നള്ളത്ത് എന്നിവയും നടക്കും.