സി പി എം പനത്തടി ഏരിയ സമ്മേളനം 9, 10 തിയ്യതികളില്‍ പാണത്തൂരില്‍ നടക്കും

രാജപുരം:സി പി എം പനത്തടി ഏരിയ സമ്മേളനം 9, 10 തിയ്യതികളില്‍ പാണത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം സിപി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4 മണിക്ക് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി മാവുങ്കാല്‍ (പാണത്തൂര്‍) കേന്ദ്രീകരിച്ച് 5000 ആളുകളെ പങ്കെടുപ്പിച്ച് പ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും. 17 ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 132 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടി- കൊടിമര ജാഥകള്‍ എട്ടിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും റെഡ് വളണ്ടിയര്‍മാരുടെയും അത്ലറ്റിക്കുകളുടെയും അകമ്പടിയോടുകൂടി സമ്മേളന നഗറില്‍ എത്തിക്കും. പ്രതിനിധി നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം പകല്‍ 2ന് മാനടുക്കം പി ജി വിജയന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയംഗം എംവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് പിജി മോഹനന്‍ ലീഡറായി കൊണ്ടുവരും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കായക്കുന്ന് സി നാരായണന്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് ടി വി ജയചന്ദ്രന്‍ ലീഡറായി കൊണ്ടുവരും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കോടോം രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും പകല്‍ ഒരു മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്ത് എം സി മാധവന്‍ ലീഡറായി കൊണ്ടുവരും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പൂതങ്ങാനം രക്തസാക്ഷി ആനക്കല്ല് ഗോവിന്ദന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്ത് പി ദാമോദരന്‍ ലീഡറായി കൊണ്ടുവരും. വിവിധ ജാഥകള്‍ക്ക് ഒടയംചാല്‍,ചുള്ളിക്കര, പൂടംകല്ല്, രാജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, പനത്തടി, ബളാന്തോട്, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി പാണത്തൂരില്‍ സംഗമിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം വി കൃഷ്ണന്‍ , ഒക്ലാവ് കൃഷ്ണന്‍, , എം സി മാധവന്‍, പി തമ്പാന്‍, ബിനു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *