പത്ത് സെന്റ് ഭൂമിക്ക് രേഖ വേണം : പ്രതീക്ഷയോടെ നവകേരള സദസ്സിനെത്തി മൊയ്തീന്‍

മംഗലശ്ശേരി തോട്ടത്തില്‍ താമസിക്കുന്ന പാറമ്മല്‍ മൊയ്തീന്‍ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സില്‍ നിന്ന് മടങ്ങിയത് പ്രതീക്ഷകളുമായാണ്. 1981ല്‍ പതിച്ചു കിട്ടിയ ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാല്‍ നികുതി അടക്കാനും സാധിക്കുന്നില്ല. 10 സെന്റ് ഭൂമിയുടെ അവകാശിയാവുക എന്ന ആവശ്യവുമായാണ് മൊയ്തീന്‍ എത്തിയത്. കൊച്ചു മകനൊപ്പം നിവേദന കൗണ്ടറില്‍ എത്തി മൊയ്തീന്‍ പരാതിയും നല്‍കി.

നവംബര്‍ 19ന് പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ 60 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തിരുന്നു. ട്രൈബല്‍ കോളനി നിവാസികള്‍ക്ക് വേഗത്തില്‍ പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരുവമ്പാടി പഞ്ചായത്തില്‍ തന്നെ ഹിയറിങ് നടത്തുകയും വളരെ വേഗത്തില്‍ പട്ടയം നല്‍കാനും സാധിച്ചിരുന്നു. ഇത്തരത്തില്‍ തന്റെ ഭൂമിക്കും പട്ടയം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് മൊയ്തീന്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *