പുതുവര്‍ഷ പിറവിക്ക് ഇനി രണ്ടു മാസം കൂടി കാത്തിരിക്കണം. അതിന് മുന്‍പേ 2025 ലെ വിവിധ കലണ്ടറുകള്‍ ഇതിനകം വന്നുതുടങ്ങി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി കലണ്ടര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന്റെ 40 വര്‍ഷം പൂര്‍ത്തിയാകുന്നുവെന്ന സവിശേഷതയോടെയാണ് 2025 ലെ കോപ്പികള്‍ പുറത്തിറങ്ങുന്നത്. അതിന്റെ പ്രകാശന കര്‍മം ക്ഷേത്രത്തില്‍ നടന്നു.
അല്പം കലണ്ടര്‍ കഥയും അധിവര്‍ഷവും
കണക്ക് കൂട്ടുക എന്നര്‍ത്ഥം വരുന്ന കലന്‍ഡെ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് കലണ്ടര്‍ എന്ന ഇംഗ്ലീഷ് പേരുണ്ടായത്. ചന്ദ്രനെ അടിസ്ഥമാക്കി മെസൊപൊട്ടേമിയക്കാരും സൂര്യനെ അടിസ്ഥാനമാക്കി ഈജിപ്തുകാരും കലണ്ടര്‍ ഉണ്ടാക്കി എന്നാണ് ചരിത്ര വിവക്ഷ. ജൂലിയസ് സീസര്‍ രൂപകല്പന ചെയ്ത ജൂലിയന്‍ കലണ്ടറിന്റെ രൂപം മാറിയതാണ് ഇന്നത്തെ ഗ്രിഗോറിയന്‍ കലണ്ടര്‍. അതനുസരിച്ച് സാധാരണ വര്‍ഷങ്ങള്‍ക്ക് 365 ദിവസങ്ങളാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. 4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരാത്ത വര്‍ഷത്തില്‍ 366 ദിവസമുണ്ടാകും . അതാണ് ‘അധിവര്‍ഷം’ അല്ലെങ്കില്‍ ‘ലീപ് ഇയര്‍’ എന്നറിയപ്പെടുന്നത്. പന്ത്രണ്ട് മാസങ്ങളില്‍ കുള്ളനായ ഫെബ്രുവരിക്ക് ആ വര്‍ഷം ഒരു ദിവസം അധികം കിട്ടും. (ക്ഷേത്രത്തിലെ മുഖ്യകര്‍മിയായിരുന്ന പൊക്ലി പൂജാരി ‘ഭണ്ഡാരപ്പെട്ട’ത് 2012 അധിവര്‍ഷത്തിലെ ഫെബ്രുവരി 29 നായിരുന്നു. ചരമ വാര്‍ഷികത്തിന് നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുന്നു. അതാണ് ലീപ് ഇയറിലെ ഫെബ്രുവരി വിശേഷം.) അടുത്ത അധിവര്‍ഷം 2028ല്‍ ആയിരിക്കും.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ 2025 ലെ കലണ്ടര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ജൂലിയന്‍ മുതല്‍ ഗ്രിഗോറിയന്‍ വരെയുള്ള കലണ്ടര്‍ കഥ
വായനക്കാരുമായി പങ്ക് വെക്കാന്‍ തോന്നിയതാണ് ഈ കുറിപ്പ്.
‘പാലക്കുന്ന് കലണ്ടര്‍’ എന്ന് അറിയപ്പെടുന്ന ക്ഷേത്ര കലണ്ടറിന് 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1985 ലാണ് ക്ഷേത്ര ഭരണ സമിതി ക്ഷേത്രത്തിന്റെ പേരില്‍ പരീക്ഷണാര്‍ത്ഥം കലണ്ടര്‍ അച്ചടിക്കാന്‍ തുടക്കമിട്ടത്. ക്ഷേത്ര വിശേഷങ്ങളോടൊപ്പം സമീപ ക്ഷേത്രങ്ങളുടെയും കാവുകളുടെയും ദേവസ്ഥാനങ്ങളുടെയും വാര്‍ഷിക വിശേഷ തീയതികളും ഉള്‍പ്പെടുത്തി 5000 കോപ്പികളാണ് ആദ്യം പുറത്ത് വിട്ടത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അവശ്യ സര്‍വീസുകളുടെയും ഫോണ്‍ നമ്പറുകള്‍ കലണ്ടറില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. വില്പനയ്‌ക്കെത്തുന്ന മറ്റു കലണ്ടറുകളിലെ പതിവ് വിശേഷ വിവരങ്ങള്‍ക്കൊപ്പം നാട്ടുവിശേഷ തീയതികളും കൃത്യമായി സൂചിപ്പിക്കുന്നു എന്നതാണ് പാലക്കുന്ന് കലണ്ടറിനെ ഏറെ ജനപ്രിയമാക്കുന്നത്. കഴകം ക്ഷേത്രങ്ങളിലെയും കോലത്തു നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെയും ഉത്സവാദി വിശേഷങ്ങളുടെ തീയതികള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ‘പാലക്കുന്ന് കലണ്ടര്‍’. തിളക്കമാര്‍ന്ന വര്‍ണ്ണപകിട്ടോടെയാണ് രൂപകല്‍പ്പന. കഴക പരിധിയിലെ വീടുകളിലെ ചുമരുകളില്‍ പാലക്കുന്ന് കലണ്ടര്‍ ഇടം പിടിച്ചില്ലെങ്കില്‍ അത് ഒരു ‘കുറച്ചില്‍’
ആണെന്ന് വിശ്വസിക്കുന്നവരാണ് സമുദായാംഗങ്ങള്‍. അതേ വിശ്വാസത്തില്‍ എല്ലാ വിഭാഗം ജനങ്ങളും പാലക്കുന്ന് കലണ്ടര്‍ വാങ്ങി സൂക്ഷിക്കുന്നുണ്ട് . പുതുവത്സര സമ്മാനമായി ഈ കലണ്ടര്‍ വാങ്ങി പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നതും ഒരു ട്രെന്‍ഡ് ആയിട്ടുണ്ട് ഇവിടെ.
പ്രവാസികള്‍ക്ക് ബന്ധുക്കള്‍ അങ്ങോട്ടേക്ക് സമ്മാനമായും അയച്ചു കൊടുക്കുന്നു
തെക്കന്‍ കേരളത്തിലും മലബാറിലും മലയാള മാസ തീയതികളില്‍ വരുന്ന വ്യത്യാസങ്ങള്‍ ഈ കലണ്ടറില്‍ വ്യക്തമാകും. പാലക്കുന്ന് കലണ്ടര്‍ പ്രിയങ്കരമാകാന്‍ അതും ഒരു കാരണമാണ്. അയ്യായിരം കോപ്പിയുമായാണ് തുടക്കം. പ്രതികരണം പ്രതീക്ഷിച്ചതിനപ്പുറം കടന്നപ്പോള്‍ ആവശ്യക്കാര്‍ക്കെല്ലാം കോപ്പി കിട്ടിയില്ലെന്ന പരാതി ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോപ്പികളുടെ എണ്ണം പടി പടിയായി വര്‍ധിപ്പിച്ചാണ് നിലവില്‍ 14000 കോപ്പിയില്‍ എത്തിനില്‍ക്കുന്നത്.
40 വര്‍ഷം പൂര്‍ത്തിയാകുന്ന സവിശേഷതയുടെ ഭാഗമായി 2025 ലെ കലണ്ടറിന്റെ പ്രകാശനം പത്താമുദയ ദിവസം ക്ഷേത്ര പള്ളിയറയ്ക്ക് മുന്‍പില്‍ നടന്നു. പൂജാരിയും ആചാര സ്ഥാനികരും ചേര്‍ന്ന് ഭരണസമിതി ഭാരവാഹികളില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി. കഴകത്തിലെ മുഴുവന്‍ വീടുകളിലും അതത് പ്രാദേശിക സമിതി പ്രവര്‍ത്തകര്‍ കോപ്പികള്‍ എത്തിച്ചു നല്‍കും. ക്ഷേത്ര ഓഫീസിലും പാലക്കുന്നിലെ വിവിധ കടകളിലും കലണ്ടര്‍ ലഭിക്കും.
പാലക്കുന്നിൽ കുട്ടി