സി കെ നായിഡു ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 319 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെന്ന നിലയിലാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഏഴ് വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 43 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 62 റണ്‍സെടുത്ത രോഹന്‍ നായരുടെ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോര്‍ 300 കടത്തിയത്. ജിഷ്ണുവും പവന്‍ രാജും ഒരു റണ്‍ വീതമെടുത്തും ഏദന്‍ ആപ്പിള്‍ ടോം ഏഴ് റണ്‍സെടുത്തും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ സംബിത് ബാരലും മൂന്നു വിക്കറ്റ് വീഴ്ത്തിയ സായ്ദീപ് മൊഹാപാത്രയുമാണ് ഒഡീഷ ബൌളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ പവന്‍ രാജാണ് ശുഭം നായിക്കിനെ പുറത്താക്കിയത്. എന്നാല്‍ 67 റണ്‍സ് പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഒഡീഷ ഇന്നിങ്‌സിന് മികച്ച അടിത്തറയായി. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേരളം പിടി മുറുക്കിയെങ്കിലും മുന്‍തൂക്കം നിലനിര്‍ത്താനായില്ല. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഓം, സാവന്‍ പഹരിയ എന്നിവര്‍ ചേര്‍ന്ന് 129 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓം 83 റണ്‍സോടെയും സാവന്‍ 68 റണ്‍സോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റും പവന്‍ രാജ് ഒരു വിക്കറ്റും വീഴ്ത്തി.
—