പാലക്കുന്ന് : കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവത്തിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച തുടക്കം കുറിക്കും. രാത്രി 9.30ന് ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുറ്റിയ തെയ്യങ്ങളും തിടമ്പുകളും തിരുവായുധങ്ങളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഞായറാഴ്ച നിവേദ്യ സമര്‍പ്പണത്തിന് ശേഷം പത്താമുദയത്തിന്റെ ഭാഗമായി എഴുന്നള്ളത്തും തുടര്‍ന്ന് പുത്തരി സദ്യയും വിളമ്പും. പുത്തരി പായസവും സദ്യയുമുണ്ണാന്‍ ഉച്ചയ്ക്ക് ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തും. സദ്യയൊരുക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കരിപ്പോടി പ്രാദേശിക പരിധിയിലെ വാല്യക്കാരും മാതൃസമിതി അംഗങ്ങളും ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അംബിക ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികള്‍ അറിയിച്ചു.