ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുണിയയില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, എസ് എം സി, എം.പി.ടി.എ, സ്‌റാഫ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. സ്‌ക്കൂള്‍ കവാടത്തില്‍ നിന്നും കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ വച്ച് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ,ട്രോഫി എന്നിവ നല്‍കി . ഇതോടൊപ്പം സംസ്ഥാന, ജില്ലാ തലത്തില്‍ സമ്മാനം നേടിയ കായിക പ്രതിഭകളെയും അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ കെ .ജയചന്ദ്രന്‍, പ്രധാനാധ്യാപിക ബിന്ദു .പി എന്നിവര്‍ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ കായികാധ്യാപിക ലീമ സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി. മദര്‍ പി ടി എ പ്രസിഡണ്ട് ധന്യ അരവിന്ദ്, രാജി.കെ. ജസ്സന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സീനിയര്‍ അസിസ്റ്റന്റ് ബി പ്രേമ സ്വാഗതം പറഞ്ഞു.